ഐഎംസിസി ജിസിസി കമ്മിറ്റി: സത്താര്‍ കുന്നില്‍ ജനറല്‍ കണ്‍വീനര്‍
Thursday, January 7, 2016 8:14 AM IST
കുവൈത്ത് സിറ്റി: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഗള്‍ഫിലെ പോഷകഘടകമായ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ (ഐഎംസിസി) ജിസിസി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറനായി സത്താര്‍ കുന്നില്‍ (കുവൈത്ത്) തെരഞ്ഞെടുക്കപ്പെട്ടു. കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ സത്താര്‍ കുന്നില്‍ കുവൈത്ത് ഐഎംസിസി ചെയര്‍മാന്‍കൂടിയാണ്.

സൌദി അറേബ്യയില്‍നിന്നുള്ള സി.പി. അന്‍വര്‍സാദത്ത് ചെയര്‍മാനും പുളിക്കല്‍ മൊയ്തീന്‍ കുട്ടി (ബഹറിന്‍), ജലീല്‍ ഹാജി (ഒമാന്‍) എന്നിവര്‍ വൈസ് ചെയര്‍മാന്മാരും സുബൈര്‍ ചെറുമോത്ത് (ഖത്തര്‍), മുഫീസ് കൂരിയാടന്‍ (സൌദി) എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും ഖാന്‍ പാറയില്‍ (യുഎഇ) ട്രഷററുമാണ്. ടി.എസ്.എ. ഗഫൂര്‍ ഹാജി, താഹിര്‍ കോമ്മോത്ത് (യുഎഇ), സയിന്‍ സഹൂദ് ഹമീദ്, എ.എം. അബ്ദുള്ളക്കുട്ടി (സൌദി), ശരീഫ് താമരശേരി (കുവൈത്ത്), സഅദ് വടകര (ഒമാന്‍), അഷ്കര്‍ മൊയ്തീന്‍ കുട്ടി, ഒ.വി. ഹമീദ് (ബഹറിന്‍) എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.

ഐഎന്‍എല്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇതോടെ ജിസിസിയിലെ ആറു രാജ്യങ്ങളിലായി രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന സംഘടന ഇനി ഒരു കുടക്കീഴിലാവും. രണ്ടു വര്‍ഷമാണു കമ്മിറ്റിയുടെ പ്രവര്‍ത്തന കാലാവധി. നിലവില്‍ സംഘടന ജീവകാരുണ്യ, സാംസ്കാരിക, കലാകായിക മേഖലകളില്‍ വിവിധപേരുകളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏകമുഖം നല്‍കാനും ഏകീകരിച്ച മെംബര്‍ഷിപ്പ് ഉള്‍പ്പെടെ സംഘടനാ പ്രവര്‍ത്തനത്തിനു പുതിയ ദിശാബോധം നല്‍കാനുമായിരിക്കും പുതിയ കമ്മിറ്റിയുടെ ശ്രമമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജിസിസി കമ്മിറ്റി ഭാരവാഹികളെ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍, ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, പ്രവാസി സംഘടനയുടെ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍