അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പത്താം ക്ളാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍
Thursday, January 7, 2016 8:12 AM IST
ന്യൂജേഴ്സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പത്താം ക്ളാസ് പരീക്ഷയില്‍ ഏബല്‍ ജോണ്‍ ഒന്നാം റാങ്കും കീര്‍ത്തി കുര്യന്‍ രണ്ടാം റാങ്കും (ഇരുവരും സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫീനിക്സ്, അരിസോണ) സെറിന്‍ വര്‍ഗീസ് (സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കാര്‍ട്ടെറെറ്റ് ന്യൂജേഴ്സി) മൂന്നാം റാങ്കും കരസ്ഥമാക്കി.

ഏബല്‍ ജോണ്‍ 99 ശതമാനവും കീര്‍ത്തി കുര്യന്‍ 97 ശതമാനവും സെറിന്‍ വര്‍ഗീസ് 95 ശതമാനവും മാര്‍ക്ക് നേടിയാണ് റാങ്ക് കരസ്ഥമാക്കിയത്.

അമേരിക്കയിലേയും കാനഡയിലെയും വിവിധ ദേവാലയങ്ങളിലെ കുട്ടികള്‍ക്കായി 2015 നവംബര്‍ 15നു ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തിയ ഈ പരീക്ഷയ്ക്ക് ഈ വര്‍ഷം റിക്കാര്‍ഡ് വിജയ ശതമാനമാണുളളതെന്നും ഈ നേട്ടത്തിന്റെ പിന്നില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആത്മാര്‍ഥമായ സഹകരണവും അശ്രാന്ത പരിശ്രമവും മാത്രമാണുളളതെന്നും അതിനായി പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ. സജി മര്‍ക്കോസും ഡയറക്ടര്‍ കമാണ്ടര്‍ ജോര്‍ജ് കോരിതും അറിയിച്ചു.

വളരെ ചിട്ടയോടുകൂടി ഭദ്രാസനാടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്നതിനും കേന്ദ്രീകൃത മൂല്യനിര്‍ണയത്തിലൂടെ ഫലം പ്രഖ്യാപിക്കുന്നതിനും ആത്മാര്‍ഥമായ ശ്രമം നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്ത ഫാ. മാര്‍ട്ടിന്‍ ബാബു, ഡീന്‍ വിവേക് അലക്സ്, റെജി ടി. വര്‍ഗീസ്, ഒന്നും രണ്ടും റീജണല്‍ കോഓര്‍ഡിനേറ്റര്‍മാരായ ഷെവലിയാര്‍ ബാബു ജേക്കബ്, ഷീലാ ജോര്‍ജ്, പ്രധാന അധ്യാപകര്‍, അനധ്യാപകര്‍, മറ്റ് റീജണല്‍ കോഓര്‍ഡിനേറ്ററന്മാര്‍, റാങ്ക് ജേതാക്കള്‍, വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ തുടങ്ങി സംരംഭത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസ് അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍