സ്വവര്‍ഗ വിവാഹ ലൈസന്‍സ്: സ്റേ അനുവദിച്ച് അലബാമ ചീഫ് ജസ്റീസ് ഉത്തരവു നല്‍കി
Thursday, January 7, 2016 8:10 AM IST
അലബാമ: സ്വവര്‍ഗ വിവാഹത്തിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ലൈസന്‍സ് നല്‍കരുതെന്ന് അലബാമ സുപ്രീംകോടതി ചീഫ് ജസ്റീസ് കീഴ് കോടതി ജഡ്ജിമാര്‍ക്ക് ഉത്തരവ് നല്‍കി.

വിധി സംസ്ഥാനത്ത് സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങിയിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്.

ചീഫ് ജസ്റീസ് എന്ന നിലയില്‍ സംസ്ഥാന നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. 2015 മാര്‍ച്ചില്‍ അലബാമ സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിരോധിച്ചിരുന്നു.

മൂന്നു മാസങ്ങള്‍ക്കുശേഷം യുഎസ് സുപ്രീംകോടതി സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാവിരുദ്ധമാണെന്നും എല്ലാ സംസ്ഥാനങ്ങളിലും സ്വവര്‍ഗ വിവാഹത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു.

2012ല്‍ അലബാമ ചീഫ് ജസ്റീസായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റോയ് എസ്. മൂര്‍ സ്വവര്‍ഗ വിവാഹത്തിനെതിരെ എന്നും ശക്തമായ നിലപാടുകളാണു സ്വീകരിച്ചിരുന്നത്.

യുഎസ് സുപ്രീംകോടതി വിധി വന്നതിനുശേഷം വിവാഹ ലൈസന്‍സ് നല്‍കുന്നതിനു വിസമ്മതിച്ച കെന്റുക്കി ക്ളാര്‍ക്ക് കിം ഡേവിസിന് അഞ്ചു ദിവസം ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.

അലബാമ കോടതി വിധി, യുഎസ് സുപ്രീംകോടതി എങ്ങനെ പരിഗണിക്കുമെന്ന് വരും നാളുകളില്‍ കാണേണ്ടിയിരിക്കുന്നു. എന്നാല്‍ അലബാമ വിധിക്ക് അല്പായുസ് മാത്രമാണെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍