ഒബാമയുടെ യൂണിയന്‍ അഡ്രസിനു നിക്കി ഹെയ്ലി മറുപടി നല്‍കും
Wednesday, January 6, 2016 8:26 AM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ജനുവരി 12 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു നടത്തുന്ന പ്രസംഗത്തിന് മറുപടി നല്‍കുന്നതിന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി സൌത്ത് കരോളിന ഗവര്‍ണര്‍ നിക്കി ഹെയ്ലിയെ ചുമതലപ്പെടുത്തിയതായി ഹൌസ് സ്പീക്കര്‍ പോള്‍ റയനും സെനറ്റ് മജോറട്ടി ലീഡര്‍ മിച്ചു മെക്കോണലും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

നാം വിശ്വസിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും കഴിയുമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച നേതാവാണ് നിക്കി ഹെയ്ലിയെന്ന് മെക്കോണല്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷമായി രാഷ്ട്രം പ്രതീക്ഷയോടെ കാത്തിരുന്ന ദീര്‍ഘ വീക്ഷണമുളള ഒരു നേതാവിനെയാണു നിക്കി ഹെയ്ലിയിലൂടെ ലഭിച്ചിരിക്കുന്നതെന്നു പോള്‍ റയനും അഭിപ്രായപ്പെട്ടു.

സൌത്ത് കരോളിന ഗവര്‍ണറായി 2015 നവംബറില്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട നിക്കി ഹെയ്ലി, ഒബാമയുടെ പല നിലപാടുകളേയും ധീരമായി എതിര്‍ത്തിട്ടുണ്ട്.

പ്രസിഡന്റിന്റെ യൂണിയന്‍ അഡ്രസിന് മറുപടി നല്‍കുവാന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നിക്കി ഹെയ്ലിയെ തെരഞ്ഞെടുത്തതിലൂടെ വലിയ അംഗീകാരമാണ് നിക്കി ഹെയ്ലിക്കു ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരവസരം ലഭിച്ചതു ഒരു വെല്ലുവിളിയായി സ്വീകരിക്കുന്നതായി ഇന്ത്യന്‍ മാതാപിതാക്കളുടെ മകളായ നിക്കി ഹെയ്ലി പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍