എ.ബി. ബര്‍ദന്‍ അനുസ്മരണം നടത്തി
Wednesday, January 6, 2016 6:48 AM IST
കുവൈത്ത്: ഇന്ത്യയിലെ കമ്മ്യൂണിസ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഏറ്റവും മുതിര്‍ന്ന നേതാവ് എ.ബി ബര്‍ദന്‍ ചരിത്രത്തിന്റെ ഭാഗമായി. ഏതാണ്ട് എട്ടു പതിറ്റാണ്ടുകാലം ഒരു ജനതയുടെ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ വിമോചനത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഊര്‍ജസ്വലവും ധന്യവുമായ ജീവിതത്തിനാണ് വിരാമമായത്. രാജ്യത്ത് അങ്ങോളമിങ്ങോളം തൊഴിലാളികളും കര്‍ഷകരും ഇടത്തരക്കാരും ബുദ്ധിജീവികളും ചെറുപ്പക്കാരും വിദ്യാര്‍ഥികളും ആദിവാസികളും ദളിതരും വനിതകളുമടക്കം താന്‍ നേരിട്ട് ബന്ധപ്പെടുകയും ജീവിതപോരാട്ടത്തില്‍ നയിക്കുകയും ചെയ്ത ലക്ഷക്കണക്കിനു ഇന്ത്യക്കാരെ ദുഃഖത്തിലാഴ്ത്തിയാണു കമ്യൂണിസ്റ് പുരോഗമന പ്രസ്ഥാനത്തിന്റെ ഈ കാരണവര്‍ വിടവാങ്ങുന്നത്.

നമ്മുടെ രാജ്യത്തും ലോകത്താകെയും വളര്‍ന്നുവന്ന മൂലധനാധിപത്യത്തിനും മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തെ ദുരിതപൂര്‍ണമാക്കിമാറ്റിയ ഉദാരീകരണ സാമ്പത്തിക നയത്തിനുമെതിരായ ഇടതു മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിശാലവും വിപുലവുമായ ഐക്യനിരയ്ക്കുവേണ്ടി അനവരതം പൊരുതിയ കമ്മ്യൂണിസ്റ് പോരാളിയെയാണ് നഷ്ടമായിരിക്കുന്നത്. എഴുപതുകളില്‍ കരുത്താര്‍ജിച്ച സ്വേച്ഛാധിപത്യ പ്രവണതയ്ക്കും മുതലാളിത്ത പ്രീണന നയങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യമെന്ന ആശയ നിലപാടിന്റെ പ്രാരംഭദശയിലെ തന്നെ ഏറ്റവും പ്രമുഖനായ വക്താവും കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി അതിന്റെ മുഖ്യ പ്രയോക്താവുമായിരുന്നു എ ബി ബര്‍ധന്‍. ആ രാഷ്ട്രീയ ആശയം ഏറെ കാലിക പ്രസക്തിയും അതില്‍ അധിഷ്ഠിതമായ ജനകീയ പ്രസ്ഥാനം മൂലധനാധിപത്യത്തിനും വര്‍ഗീയ ഫാസിസത്തിനും എതിരായ പോരാട്ടത്തിന്റെ കുന്തമുനയായി മാറേണ്ട നിര്‍ണായക ദശാസന്ധിയിലാണ് മഹാനായ ആ പോരാളി ചരിത്രത്തില്‍ ലയിക്കുന്നത്. അത് എത്രതന്നെ വേദനാജനകമാണെങ്കിലും ആ ചരിത്രം രാജ്യത്തെ കമ്യൂണിസ്റ് ഇടതുപക്ഷ മതേതര ജനാധിപത്യ ശക്തികള്‍ക്ക് പ്രചോദനത്തിന്റെ പ്രകാശഗോപുരമായി എക്കാലത്തും നിലകൊളളും. അര്‍ത്ഥേന്ദു ഭൂഷണ്‍ ബര്‍ദന്റെ അച്ഛന്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ആ ബ്രിട്ടീഷ് സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ടിട്ടും ഗൂഢാലോചനക്കേസില്‍ പെടുത്തിയും വേട്ടയാടിയ നിരോധിത കമ്യൂണിസ്റ് പാര്‍ട്ടിയിലാണു വിദ്യാര്‍ഥിയായ ബര്‍ദന്‍ ചേര്‍ന്നത്. നാലരവര്‍ഷം തടവറയില്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥി നേതാവായിരുന്ന ബര്‍ദന്‍ ഉന്നത വിദ്യഭ്യാസത്തിനു ശേഷം തൊഴിലാളികളെ സംഘടിപ്പിക്കാനാണു ജീവിതം സമര്‍പ്പിച്ചത്. ഒടുവില്‍ 96ല്‍ പ്രഗല്ഭ ഇന്ദര്‍ജിത് ഗുപ്തയുടെ പിന്‍ഗാമിയായി സിപിഐ ജനറല്‍ സെക്രട്ടറി പദത്തില്‍.

ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ഇതിഹാസനായകരില്‍ ഒരാളായിരുന്നു എ.ബി. ബര്‍ദന്‍. അവസാനശ്വാസംവരെ തൊഴിലാളിവര്‍ഗ വിമോചനത്തിനുവേണ്ടി പടപൊരുതിയ മാതൃകാനേതാവായിരുന്നു. ഒമ്പതു പതിറ്റാണ്ടിന്റെ ജീവിതം തടവറയിലും സമരഭൂമിയിലുമടക്കം ജ്വലിച്ചുയര്‍ന്നതാണ്.

അവിഭക്ത കമ്യൂണിസ്റ് പാര്‍ടിയുടെ കാലംമുതല്‍ പ്രക്ഷോഭങ്ങളിലും പോരാട്ടങ്ങളിലും മാത്രമല്ല, പ്രഭാഷകനായും എഴുത്തുകാരനായും ചിന്തകനായും ചരിത്രത്തില്‍ ഇടംനേടിയ ദേശീയ നേതാവായിരുന്നു അദ്ദേഹം. ഇരു കമ്യൂണിസ്റ് പാര്‍ടികളും തമ്മിലുള്ള സാഹോദര്യബന്ധം വളര്‍ത്തുന്നതില്‍ നല്‍കിയ അവിസ്മരണീയ സംഭാവനകള്‍ എന്നും ഓര്‍ക്കും എന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.

ബഷീര്‍ വരോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുധീഷ് തൃപ്രയാര്‍ സ. എ.ബി.ബര്‍ധന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍ പരപ്പങ്ങാടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ നവോദയ ജനറല്‍ സെക്രെട്ടറിജോര്‍ജ്ജ് വര്‍ഗീസ്, പ്രസിഡന്റ് സിദ്ദിഖ് കല്ലായി, രക്ഷാധികാരി ഇ.എം. കബീര്‍, മറ്റ് കേന്ദ്ര ഏരിയ യൂണിറ്റ് കുടുംബവേദി അംഗങ്ങളും പങ്കെടുത്തു. ചടങ്ങിന് ദേവന്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍