'സര്‍ക്കാര്‍ വാഗ്ദാന ലംഘനത്തിനെതിരേ ഭൂരഹിതര്‍ക്കൊപ്പം പ്രക്ഷോഭം തുടരും'
Tuesday, January 5, 2016 10:14 AM IST
കുവൈത്ത്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മുഴുവന്‍ ഭൂരഹിതര്‍ക്കു ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഭൂമി ലഭിക്കും വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുമെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെല്‍ഫയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടിഘോഷിച്ച് നടത്തിയ പട്ടയമേളയിലൂടെയും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെയും ഭൂമി വാഗ്ദാനം ചെയ്യപ്പെട്ട പാവങ്ങള്‍ക്ക് ഇതുവരെ ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാത്തതു സര്‍ക്കാര്‍ വഞ്ചനയാണ്. 2005 വരെ നാല് ഏക്കര്‍ വരെ കൈവശമുള്ളവര്‍ക്കു പട്ടയം നല്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ തന്നെയാണു മൂന്നു സെന്റ്  ഭൂമി ലഭിക്കാതെ ആയിരങ്ങള്‍ തെരുവുകളില്‍ കഴിയേണ്ടി വരുന്നത്. കാര്‍ഷിക വിളകളുടെ വിലയിടിയുകയും കര്‍ഷകരുടെ ആത്മഹത്യ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിലും വിലയിടിവ് തടയാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്താതെ റബറും ഓയിലും ഉള്‍പ്പെടെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍  കോര്‍പറേറ്റുകള്‍ക്ക് കൂട്ട് നില്‍ക്കുകയാണു സര്‍ക്കാരുകളെന്നും അദ്ദേഹം ആരോപിച്ചു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെല്‍ഫയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സയിദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മജീദ് നരിക്കോടന്‍ സ്വാഗതവും കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍