ഫീനിക്സില്‍ സംയുക്ത ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി
Tuesday, January 5, 2016 7:45 AM IST
അരിസോണ: ക്രിസ്തീയ സഭകളുടെ കൂട്ടായ്മ ആയ അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ പള്ളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12നു വൈകുന്നേരം അഞ്ചു മുതല്‍ ഡോബ്സണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

റവ. വി.ജി. വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ഥനയെ തുടര്‍ന്നു വേദിയില്‍ സന്നിഹിതരായിരുന്ന എല്ലാ വൈദികരും ചേര്‍ന്ന് നിലവിളക്കു തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എഎംസിഎ പ്രസിഡന്റ് ഫാ. സജി മര്‍ക്കോസ് എക്യുമെനിക്കല്‍ അസോസിയേഷന്റെ പ്രസക്തിയെക്കുറിച്ച് വിവരിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുത്ത ഫാ. ജോര്‍ജ് എട്ടുപറയില്‍ ക്രിസ്മസ് സന്ദേശം നല്‍കി.

തുടര്‍ന്നു വിവിധ പള്ളികളുടെ ഗായക സംഘങ്ങള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍, കൊച്ചു കുട്ടികളുടെ നൃത്തങ്ങള്‍, ഗാനങ്ങള്‍, ഹോളി ഫാമിലി കാത്തലിക് പള്ളിയിലെ വനിതകള്‍ അവതരിപ്പിച്ച തീം ഡാന്‍സ്, സെന്റ് പീറ്റേഴ്സ് യാക്കോബായ ചര്‍ച്ചിന്റെ സ്കിറ്റ് എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. തോമസ് അപ്രേം, രേണു ജോണ്‍സന്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

ഫാ. ശ്ളോമോ ജോര്‍ജ് സ്തോത്രക്കാഴ്ച ശേഖരണത്തിനു നേതൃത്വം നല്‍കി. സെക്രട്ടറി ജെനു മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു. റവ. ഡോ. കെ.വി. ഉമ്മന്റെ പ്രാര്‍ഥനയ്ക്കുശേഷം സാന്താ ക്ളോസ് എത്തി കുട്ടികള്‍ക്ക് മിട്ടായികള്‍ വിതരണം ചെയ്തു. ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: റോയി മണ്ണൂര്‍