'മുഹബത്തെ റസൂല്‍ 2016' മീലാദ് സമ്മേളനം സമാപിച്ചു
Monday, January 4, 2016 10:19 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപിച്ച 'മുഹബത്തെ റസൂല്‍ 2016' നബിദിന സമ്മേളനം ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രാര്‍ഥനാ സദസോടെ സമാപിച്ചു.

'തിരുനബി: അതുല്യ ജീവിതം അനുപമ വക്തിത്വം' എന്ന പ്രമേയത്തോടെ അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഘത്തെ പ്രമുഖര്‍ സംബന്ധിച്ചു.

സമാപന സമ്മേളനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് കൌണ്‍സില്‍ പ്രസിഡന്റ് ശംസുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കെഎംസിസി പ്രസിഡന്റ് ശരഫുദ്ദീന്‍ കണ്ണെത്ത്, കെകെഎംഎ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സമസ്ത പൊതു പരീക്ഷയില്‍ അഞ്ചും ഏഴും ക്ളാസുകളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഡോ. ഹാമിദ് അല്‍ ആന്‍സി നിര്‍വഹിച്ചു. പ്രമുഖ പ്രാസംഗികനും യുവ പണ്ഡിതനുമായ അന്‍വര്‍ മുഹയുദ്ദീന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. ഹംസ ബാഖവി സ്വാഗതവും മുഹമ്മദ് അലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് നടന്ന പ്രവാചക പ്രകീര്‍ത്തന സദസിന് സയിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, അന്‍വര്‍ മുഹയുദ്ദീന്‍ ഹുദവി എന്നിവരും ഇസ്ലാമിക് കൌണ്‍സില്‍ നേതാക്കളും പ്രവര്‍ത്തകരും ആയ പണ്ഡിതന്മാരും നേതൃത്വം നല്‍കി. ആയിരക്കണക്കിന് വിശ്വാസികളും മൌലിദ് സദസിന് സാക്ഷിയായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍