നഴ്സിംഗ് റിക്രൂട്ട്മെന്റ്; നോര്‍ക്ക, ഒഡെപെക് നടപടികള്‍ ത്വരിതപ്പെടുത്തുക: കല കുവൈറ്റ്
Monday, January 4, 2016 8:06 AM IST
കുവൈത്ത് സിറ്റി: കേരളത്തില്‍നിന്നു കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള നോര്‍ക്കയുടെയും ഒഡെപെകിന്റെയും തയാറടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹഹീല്‍ മേഖല സമ്മേളനം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ അരങ്ങേറിയ കൊടിയ അഴിമതിക്ക് അറുതി വരുത്തിക്കൊണ്ട് ഭാവിയില്‍ ഇന്ത്യയില്‍നിന്നുള്ള റിക്രൂട്ട്മെന്റ് ഔദ്യോഗിക സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിയ കുവൈത്തിന്റെയും ഇന്ത്യന്‍ എംബസിയുടെയും നടപടികള്‍ ഏറെ ശ്ളാഘനീയമാണ്. എന്നാല്‍ റിക്രൂട്ട്മെന്റിനു നേതൃത്വം കൊടുക്കേണ്ട നോര്‍ക്കയും ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ളോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റും (ഛഉഋജഋഇ) റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ക്കാവശ്യമായ ഒരു തയാറെടുപ്പും പൂര്‍ത്തിയാക്കിയിട്ടില്ല എന്നുള്ളത് ആശങ്കയുളവാക്കുന്നതാണ്.

ആയിരക്കണക്കിനു വരുന്ന ജോലി ഒഴിവുകളാണു മലയാളി നഴ്സുമാരെ കാത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിസംഗത സംശയമുളവാക്കുന്നതാണ്. വീണ്ടും കടുത്ത അഴിമതിക്കു വഴിയൊരുക്കാന്‍ ഇതു കാരണമാകും. നിരവധി ഉദ്യോഗാര്‍ഥികളാണു കേരളത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള റിക്രൂട്ട്മെന്റ് കാത്തു കഴിയുന്നത്. ഇതുമൂലം ഈ രംഗത്ത് ബിരുദവും പ്രവൃത്തി പരിചയവുമുള്ള നൂറുകണക്കിനുള്ള ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കപ്പെടുകയും മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് അവസരം ലഭിക്കുന്ന അവസ്ഥ വരികയും ചെയ്യും. സര്‍ക്കാരുകള്‍ തമ്മില്‍ ചെയ്തു തീര്‍ക്കേണ്ട ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി പുതുവര്‍ഷത്തില്‍ നടക്കുന്ന റിക്രൂട്ട്മെന്റിനാവശ്യമായ നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും കല കുവൈറ്റ് ആവശ്യപ്പെട്ടു.

പി. വിശ്വനാഥന്‍നഗറില്‍ നടന്ന സമ്മേളനം കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. എം.പി. മുസഫര്‍, സുമതി ബാബു, സുദര്‍ശനന്‍ കളത്തില്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. പ്രവര്‍ത്തന റിപ്പോര്‍ട്ട് മേഖല സെക്രട്ടറി സുഗതകുമാറും സംഘടനാ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.വി.ഹിക്മത്തും അവതരിപ്പിച്ചു. ലിപി പ്രസീദ് അനുശോചന പ്രമേയവതരിപ്പിച്ചു. മണികണ്ഠന്‍ വട്ടക്കുളം ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

അവതരണ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ 28 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 26 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കല കുവൈറ്റ് കേന്ദ്ര ഭാരവാഹികളായ അനില്‍ കൂക്കിരി, ഷാജു വി. ഹനീഫ്, ആര്‍. നാഗനാഥന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രവര്‍ത്തന സൌകര്യാര്‍ഥം മേഖല കമ്മിറ്റിയെ ഫഹഹീല്‍, അബുഹലീഫ എന്നീ രണ്ട് മേഖല കമ്മിറ്റികളായി വിഭജിച്ചു. ഫഹഹീല്‍ മേഖല കമ്മിറ്റി സജീവ് ഏബ്രഹാം പ്രസിഡന്റായും പ്രസീദ് കരുണാകരന്‍ സെക്രട്ടറിയായും ആസിഫ് അഹമ്മദ്, സലീല്‍ ഉസ്മാന്‍, പി.ജി. ജ്യോതിഷ്, രഘു പേരാമ്പ്ര, രംഗന്‍, രവീന്ദ്രന്‍പിള്ള, ബിനോയ്, കുഞ്ചെറിയ, സുനില്‍ എന്നിവരടങ്ങിയ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ജ്യോതിഷ് ചെറിയാന്‍ പ്രസിഡന്റും എം.പി. മുസഫര്‍ സെക്രട്ടറിയായും സുദര്‍ശനന്‍ കളത്തില്‍, പി.ബി.സുരേഷ്, പി.ആര്‍.ബാബു, ജിതിന്‍ പ്രകാശ്, നാസര്‍, വിനോദ് പ്രകാശന്‍, മണിക്കുട്ടന്‍, ബിനുകുമാര്‍, ചന്ദ്രബോസ് എന്നിവരടങ്ങിയ മേഖല എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു.

കേന്ദ്ര വാര്‍ഷിക സമ്മേളന പ്രതിനികളായി 140 പേരെയും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ നോബി ആന്റണി സ്വാഗതവും ഫഹഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍