സഖറിയാസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ സഭയുടെ അനുശോചന യോഗം ജനുവരി ആറിന്
Saturday, January 2, 2016 6:06 AM IST
ന്യൂയോര്‍ക്ക്: കാലം ചെയ്ത മാര്‍ത്തോമാ സുറിയാനി സഭയുടെ സീനിയര്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മോര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തിലുള്ള മാര്‍ത്തോമാ സഭയുടെ അനുശോചനം രേഖപ്പെടുത്തുവാന്‍ ജനുവരി ആറിനു യോഗം ചേരുന്നു. ചെങ്ങന്നൂര്‍ തിട്ടമേല്‍ ട്രിനിറ്റി മാര്‍ത്തോമാ പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3.30-നു ചേരുന്ന അനുശോചന യോഗത്തില്‍ ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ സഭകളിലെ ആത്മീയ മേലധ്യക്ഷന്മാരും, രാഷ്ട്രീയ- സാമൂഹ്യ -സാംസ്കാരിക നായകന്മാരും പങ്കെടുക്കുന്ന യോഗത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ജസ്റീസ് കെ.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. സഖറിയാസ് തിരുമേനിയുടെ ദേഹവിയോഗം സഭയ്ക്ക് വലിയ നഷ്ടവും ദുഖവുമാണെന്നും, ഈ അനുശോചന യോഗത്തിലേക്ക് എല്ലാവരേയും ക്ഷണിച്ചുകൊണ്ടുള്ള മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ രേഖപ്പെടുത്തുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം