സമസ്ത ബഹറിന്‍ മീലാദ് കാമ്പയിന്‍: അബ്ദുസമദ് പൂക്കോട്ടൂര്‍ ജനുവരി രണ്ടിന് ബഹറിനില്‍
Friday, January 1, 2016 7:38 AM IST
മനാമ: പ്രമുഖ ഇസ്ലാമിക ചരിത്ര പ്രഭാഷകനും ബഹു ഭാഷാ പണ്ഡിതനുമായ സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ജനുവരി രണ്ടിന് (ശനി) ബഹറിനിലെത്തും.

'തിരുനബി സഹിഷ്ണുതയുടെ സ്നേഹ ദൂതര്‍' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര ഘടകം ആചരിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഗുദൈബിയ ഏരിയ സംഘടിപ്പിക്കുന്ന നബിദിന പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താനാണ് അദ്ദേഹം ബഹറിനിലെത്തുന്നത്.

മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന നബിദിന പരിപാടികള്‍ക്കുശേഷം രാത്രി എട്ടിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണു സംഘടിപ്പിക്കുന്നത്.

സമസ്തയുടെ മദ്രസ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാ സാഹിത്യ പരിപാടികളാണു സമാപന ചടങ്ങുകളുടെ മുഖ്യാകര്‍ഷണം. ഇതില്‍ കുട്ടികളുടെ ബുര്‍ദ മജ്ലിസ്, ദഫ് പ്രോഗ്രാം, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍ എന്നിവയും സമസ്ത നേതാക്കള്‍ പങ്കെടുക്കുന്ന മൌലിദ് മജ്ലിസ്, സമൂഹ പ്രാര്‍ഥന എന്നിവയും നടക്കും.

ബഹറിനിലെ മത സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രഭാഷണം ശ്രവിക്കാനെത്തുന്ന സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 0097339234072, 39474715.