മലപ്പുറം സ്വദേശി സൌദിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
Friday, January 1, 2016 6:45 AM IST
ദമാം : കാലിക്കറ്റ് സര്‍വ്വകലാശാലക്ക് സമീപം ചെട്ടിയാര്‍മാട് സ്വദേശി കുനീക്കാട്ട് മാടത്തറയില്‍ വീട്ടില്‍ പരേതരായ മുഹമ്മദ് കുട്ടിഇത്താച്ചുട്ടി ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (49) അല്‍ഹസയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഇരുപത് വര്‍ഷമായി അല്‍ ഹസയിലെ അല്‍റഷീദ് അലൂമിനിയം കമ്പനിയിലെ ജീവനക്കാരനാണ്. ബുധനാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തിയ അബ്ദുല്‍ഗഫൂറിന് രാത്രി നമസ്കാരം കഴിഞ്ഞയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന്! ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണു മരണം സംഭവിച്ചത്. അല്‍ഹസ്സ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ ഖബറടക്കുമെന്ന് അദ്ദേഹത്തന്റെ കൂടെ താമസിക്കുന്ന മൂസാ ഹാജി വേങ്ങര ദാമ്മമിലുള്ള സഹോദരപുത്രന്‍ അനസ് എന്നിവര്‍ പറഞ്ഞു. നിയമ നടപടികള്‍ക്കായി അല്‍ഹസയിലെ സാമൂഹ്യ പ്രവര്‍ത്തകരും അബ്ദുല്‍ഗഫൂറിന്റെ സ്പോണ്‍സറും രംഗത്തുണ്ട്. ഇതിനായി ദമ്മാമില്‍ തന്നെയുള്ള സഹോദരിയുടെ മരുമകന്‍ ഉമ്മര്‍ കോയ ചേലമ്പ്രയുടെ പേരില്‍ അനുമതിപത്രം നാട്ടില്‍നിന്നു ലഭ്യമായിട്ടുണ്ട്.ഹാജറയാണ് അബ്ദുല്‍ഗഫൂറിന്റെ ഭാര്യ.സ്കൂള്‍ വിദ്യാര്‍ഥിനികളായ സഫാന, ഷിഫാന, ഫായ്സ എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം