സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ താത്കാലിക കൂദാശ നിര്‍വഹിച്ചു
Thursday, December 31, 2015 8:20 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ ഐലന്‍ഡില്‍ പുതിയതായി പണി കഴിപ്പിച്ച സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ താത്കാലിക കൂദാശ ഡിസംബര്‍ 11,12 തീയതികളില്‍ നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ നിക്കോളോവോസ് ശുശ്രൂഷകള്‍ക്കു പ്രധാന കാര്‍മികത്വം വഹിച്ചു.

11ന് (വെള്ളി) നടന്ന സന്ധ്യ പ്രാര്‍ഥനയോടെ ഭദ്രാസനത്തിലെ മറ്റു വൈദികരുടെ സാന്നിധ്യത്തില്‍ ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചു. 12ന് (ശനി) മാര്‍ നിക്കോളോവോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പുതിയ ദേവാലയത്തില്‍ ആദ്യ വിശുദ്ധ കുര്‍ബാനയും നടന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സ്റാറ്റന്‍ ഐലന്റ് ബോറോ പ്രസിഡന്റ് ജയിംസ് ഓഡൊ, കൌണ്‍സില്‍മാന്‍ സ്റീവന്‍ മാറ്റോ, ഡിസ്ട്രിക്ട് അറ്റോര്‍ണി ഇലക്ട് മൈക്കിള്‍ എംസി മഹോണ്‍, ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നുള്ള മറ്റു വൈദികര്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ ഇടവകകളില്‍നിന്നുള്ള സഭാ വിശ്വാസികള്‍ ഉള്‍പെടെ അഞ്ഞൂറില്‍ പരം ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇടവക സെക്രട്ടറി ജോസ് കെ ജോയ് സ്വാഗതവും ട്രസ്റി ആനി ജോണ്‍ നന്ദിയും പറഞ്ഞു. ചര്‍ച്ച് ക്വയര്‍ ഗാനാലാപനം ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. മഞ്ജു സണ്ണി എംസി ആയിരുന്നു. പ്രാര്‍ഥനയോടെ ചടങ്ങുകള്‍ അവസാനിച്ചു.

ഇടവക വികാരി ഫാ. അലക്സ് കെ. ജോയിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പള്ളിയുടെ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചു.

സാന്റി കൊടുങ്കാറ്റില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ച സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇടവക സന്ദര്‍ശിച്ചിരുന്നു. പള്ളിയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായതില്‍ വൈറ്റ് ഹൌസ് അതിയായ സന്തോഷം രേഖപ്പെടുത്തി. ഇതുസംബന്ധിച്ച പ്രസിഡന്റിന്റ് കത്ത് ഇടവക പ്രതിനിധി നേരിട്ട് വൈറ്റ് ഹൌസില്‍ നിന്നും ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്