ടൊറന്റോ സെന്റ് തോമസ് ദേവാലയ കൂദാശ ജനുവരി രണ്ടിന്
Thursday, December 31, 2015 7:10 AM IST
ടൊറന്റോ: സിറോ മലബാര്‍ സഭയുടെ ഭാരതത്തിനു പുറത്തുള്ള പ്രഥമ എക്സാര്‍ക്കേറ്റിലെ പ്രഥമ ദേവാലയമെന്ന പെരുമ പുതുവര്‍ഷപ്പിറവിയോടെ സ്വന്തമാക്കാന്‍ സെന്റ് തോമസ് ഇടവക ഒരുങ്ങി. സ്കാര്‍ബ്രോയിലെ കെന്നഡി സബ് വേ സ്റ്റേഷനുസമീപം അയണ്‍വ്യു റോഡിലുള്ള ദേവാലയത്തിന്റെ കൂദാശ ജനുവരി രണ്ടിനു രാവിലെ പത്തിനു എക്സാര്‍ക്കേറ്റിന്റെ അജപാലകന്‍ മാര്‍ ജോസ് കല്ലുവേലില്‍ നിര്‍വഹിക്കും.

എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കായി ടൊറന്റോ അതിരൂപത ആശീര്‍വദിച്ച സെന്റ് തോമസ് അപ്പസ്തോലിക് മിഷനില്‍നിന്നു എക്സാര്‍ക്കേറ്റ് വരെയായി വളര്‍ന്ന വിശ്വാസിസമൂഹത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. ഈ ഇടവകയില്‍ മാത്രം നാനൂറ്റന്‍പതിലേറെ കുടുംബാംഗങ്ങളാണു ഇപ്പോള്‍ റജിസ്റര്‍ ചെയ്തിട്ടുള്ളതെന്നു വികാരി ഫാ. തോമസ് വാലുമ്മല്‍ അറിയിച്ചു. ആരാധനയില്‍ പങ്കെടുക്കാന്‍ എത്തുന്നവരും ഏറെയാണ്. വേദപാഠ ക്ളാസുകളില്‍ മൂന്നൂറിലേറെ കുട്ടികളുണ്ട്. ഒരു വര്‍ഷമായുള്ള ഇടവകസമൂഹത്തിന്റെ കഠിനപ്രയത്നത്തിന്റെയും സംഭാവനയുടെയുമെല്ലാം ഫലമാണു പുതിയ ദേവാലയം.

അറുപതകളുടെ മധ്യത്തിലാണു കേരളത്തില്‍നിന്നു കാനഡയിലേക്കു സീറോ മലബാര്‍ വിശ്വാസികളുടെ കുടിയേറ്റത്തിന്റെ ഒഴുക്കു തുടങ്ങിയത്. ആതുരസേവന രംഗത്ത് ഉള്‍പ്പെടെയുള്ള ജോലികള്‍ക്കായും ഉന്നതവിദ്യാഭ്യാസത്തിനുമായി എത്തിയ ഇക്കൂട്ടരില്‍ ഭൂരിപക്ഷവും എത്തിയത് ടൊറന്റോയിലാണ്. പിന്നാലെ ഇവരുടെ സഹോദരങ്ങളും മാതാപിതാക്കളും ബന്ധുമിത്രാദികളുമെല്ലാം എത്തിയതോടെ വലിയൊരു സമൂഹമായി അതു മാറുകയായിരുന്നു. തുടക്കത്തില്‍ ഇവിടുത്തെ ദേവാലയങ്ങളിലെ ആരാധനകളില്‍ പങ്കാളികളായ മലയാളിസമൂഹത്തിനായി, 1977ല്‍ ഫാ. തോമസ് തോട്ടുങ്കലിനെ ഇന്ത്യന്‍ ഒറിജന്‍ കാത്തലിക്സ് ചാപ്ളിന്‍ ആയി നിയമിച്ചതു പ്രചോദനമായി. 1982ല്‍ സെന്റ് തോമസ് അപ്പസ്തോലിക് മിഷന്‍ രൂപവത്കരിച്ചതാണ് വളര്‍ച്ചയില്‍ വഴിത്തിരിവായത്. ഇതെത്തുടര്‍ന്ന് ഫാ. ജോസഫ് കണ്ണത്ത് ആദ്യ വികാരിയായി സെന്റ് തിമോത്തി സ്കൂള്‍ ജിമ്മില്‍ തുടങ്ങിയ ബലിയര്‍പ്പണമാണ് സ്കാര്‍ബ്രോ പ്രഷ്യസ് ബ്ളെസ്ഡ് ദേവാലയത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നതും ഇപ്പോള്‍ സ്വന്തം ദേവാലയത്തില്‍ ഒത്തുകൂടാന്‍ വഴിയൊരുക്കുന്നതും. 1988 മുതല്‍ 2010ല്‍ സീറോ മലബാര്‍ മിഷനു തുടക്കമിടുംവരെ സിഎംഐ സന്യാസസമൂഹമാണ് ആത്മീയസേവനം ലഭ്യമാക്കിയത്.

ഫാ. ജയിംസ് ചേരിക്കല്‍ വികാരിയായിരിക്കെ തുടക്കമിട്ട ആലോചനയാണ്, മാര്‍ ജോസ് കല്ലുവേലില്‍ വികാരിയായി എത്തിയതോടെ സജീവമായതും, ഇപ്പോള്‍ സ്വപ്നസാഫല്യത്തിന്റെ മണി മുഴക്കുന്നതും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ നടന്ന കാനഡയിലെ എക്സാര്‍ക്കേറ്റിന്റെ പ്രഖ്യാപനത്തിനും പ്രഥമ എക്സാര്‍ക്കായി മാര്‍ ജോസ് കല്ലുവേലില്‍ വാഴിക്കപ്പെട്ടതിനും പിന്നാലെയാണ് ഈ നേട്ടമെന്നത് എക്സാര്‍ക്കേറ്റിനും ഇടവകയ്ക്കും സമ്മാനിക്കുന്നത് ഇരട്ട ആഹ്ളാദം. ഇരുപതോളം സെന്ററുകളുമായി സെപ്റ്റംബറില്‍ രൂപീകൃതമായ എക്സാര്‍ക്കേറ്റില്‍ കാനഡയുടെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ മുപ്പതിലേറെ സെന്ററുകളാണുള്ളത്. സ്വന്തമായി ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈദികപഠന കേന്ദ്രവുമെല്ലാമുള്ള രൂപതാ പദവിയിലേക്കുള്ള കുതിപ്പിനുകൂടിയാണ് സെന്റ് തോമസ് ദേവാലയത്തിന്റെ പൂര്‍ത്തീകരണത്തോടെ തുടക്കമിടുന്നത്.

ഫാ. തോമസ് വാലുമ്മല്‍ (വികാരി, സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ടൊറന്റോ).

റിപ്പോര്‍ട്ട്: ജോസ് തോമസ്