ഡോ. യൂഹാനോന്‍ മോര്‍ പീലക്സിനോസ് അമേരിക്കന്‍ ഭദ്രാസന ശില്‍പി
Thursday, December 31, 2015 7:09 AM IST
ന്യൂയോര്‍ക്ക്: കാലം ചെയ്ത മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്തയും മലബാര്‍ ഭദ്രാസന സീനിയര്‍ മെത്രാപ്പോലീത്തയുമായ ഡോക്ടര്‍ യൂഹാനോന്‍ മോര്‍ പീലക്സിനോസ് (74) അമേരിക്കന്‍ ഭദ്രാസന ശില്‍പിയായിരുന്നു. ബുധനാഴ്ച രാവിലെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം ജനുവരി ഒന്നിന് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മാതൃഇടവകകൂടിയായ കോട്ടയം പാമ്പാടി സെന്റ് മേരീസ് സിംഹാസന കത്തീഡ്രലില്‍ വിശുദ്ധ മദ്ബഹയോടു ചേര്‍ന്ന് നിര്‍മ്മിക്കുന്ന പ്രത്യേക കല്ലറയില്‍, സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരുടേയും സാന്നിധ്യത്തില്‍. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.

1941 ഡിസംബര്‍ അഞ്ചിന് പാമ്പാടി ഇലപ്പനാല്‍ പരേതരായ കുരുവിള ചാക്കോയുടേയും, അന്നമ്മ ചാക്കോയുടേയും പുത്രനായി ജനിച്ച ജോണ്‍ ജേക്കബിനേയാണ് ദൈവം സഭയെ നയിക്കുവാനുള്ള അഭിഷ്ക്തനായി ഉയര്‍ത്തിയത്. 1964-ല്‍ ഇരുപത്തിനാലാം വയസില്‍ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവയില്‍നിന്ന് ശെമ്മാശപട്ടവും, 1969-ല്‍ ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവയില്‍ നിന്ന് കശീശ പട്ടവും സ്വീകരിച്ചു. കോട്ടയം ഭദ്രാസനത്തിലെ നിരവധി ദേവാലയങ്ങളില്‍ വികാരിയായി ശുശ്രൂഷ ചെയ്തശേഷം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വൈദികശുശ്രൂഷയ്ക്കായി എത്തി. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ശാമുവേല്‍ മോര്‍ പീലക്സിനോസിന്റെ വിയോഗത്തെ തുടര്‍ന്ന് 1985-ല്‍ ഫാ. ഡോ. ജോണ്‍ ജേക്കബ് യൂഹാനോന്‍ മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയായി അഭിഷിക്തനായി.

ആത്മീയ ശുശ്രൂഷയോടൊപ്പം വേദശാസ്ത്രത്തിലും ഇതര വിഷയങ്ങളിലും ഉന്നത ബിരുദങ്ങള്‍ സമ്പാദിച്ചു. കോട്ടയം ബസേലിയോസ് കോളജില്‍നിന്നു ധനതത്വശാസ്ത്രത്തില്‍ ബി.എ ബിരുദം, തിരുപ്പതി ശ്രീ വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍നിന്ന് എം.എ ബിരുദം എന്നിവ നേടിയശേഷം കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍നിന്നു(പഴയ സെമിനാരി) ബിരുദം കരസ്ഥമാക്കി. ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എസ്.ടി.എം ബിരുദം സമ്പാദിച്ച അദ്ദേഹം ന്യൂയോര്‍ക്ക്, ഫ്ളോറിഡ എന്നിവടങ്ങളിലെ ദൈവശാസ്ത്ര യൂണിവേഴ്സിറ്റികളില്‍നിന്ന് ഇതര ബിരുദങ്ങളും ഡോക്ടറേറ്റും കരസ്ഥമാക്കി. ദൈവശാസ്ത്ര പഠനങ്ങള്‍ക്കുശേഷം ഹിന്ദി ഭാഷയില്‍ ഭൂഷണ്‍, പ്രവീണ്‍ പട്ടം നേടി.

അമേരിക്കയിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ വളര്‍ച്ചയിലും വിവിധ സംസ്ഥാനങ്ങളില്‍ നിരവധി ദേവാലയങ്ങളുടെ ആരംഭിത്തിന് നിര്‍ണായക സ്വാധീനവും നേതൃത്വവും നല്‍കി. മലങ്കര അതിഭദ്രാസനത്തിന്റെ രൂപീകരണത്തില്‍ തിരുമേനിയുടെ അശ്രാന്തപരിശ്രമം ഉണ്ടായിരുന്നു.

സഭയുടെ മലബാറിന്റെ ആത്മീയവും ഭൌതികവുമായ വളര്‍ച്ചയില്‍ കാല്‍നൂറ്റാണ്ട് നീണ്ട അശ്രാന്ത പരിശ്രമം വലിയ മുന്നേറ്റമുണ്ടാക്കി. മലബാര്‍ ഭദ്രാസനത്തിന്റെ കീഴില്‍ കോഴിക്കോട്, മലപ്പുറം, തമിഴ്നാട്ടിലെ നീലഗിരി, കര്‍ണാടക മേഖലകളില്‍ ഒട്ടനവധി പള്ളികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധസ്ഥാപനങ്ങളും ആരംഭിക്കുകയുണ്ടായി. അമേരിക്കയിലും ഗള്‍ഫ് നാടുകളിലുമുള്ള വിശ്വാസിസമൂഹത്തിന്റെ സഭാ സ്നേഹവും, ഉദാരമനസ്കതയും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി രുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, ഉദയഗിരി സെമിനാരി പ്രിന്‍സിപ്പല്‍, സെന്റ് പോള്‍സ് പ്രെയര്‍ ഫെല്ലോഷിപ്പ്, മാര്‍ത്തമിറിയം വനിതാ സമാജം, യൂത്ത് അസോസിയേഷന്‍, സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനം എന്നിവയുടെ പ്രസിഡന്റ്പദം വിവിധ കാലയളവുകളില്‍ വഹിച്ചിട്ടുണ്ട്.

പി.സി. ഏബ്രഹാം, പി.സി. നൈനാന്‍, പി.സി. ജോര്‍ജ്, കെ.സി. തോമസ്, തങ്കമ്മ സ്കറിയ എന്നിവര്‍ സഹോദരങ്ങളാണ്. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം