വെസ്റ് ചെസ്റര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് നഴ്സിംഗ് കോളജില്‍ സംയുക്ത പരിശീലന പരിപാടി
Wednesday, December 30, 2015 10:15 AM IST
തിരുവനന്തപുരം: അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ വെസ്റ് ചെസ്റര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഗവണ്‍മെന്റ് നഴ്സിംഗ് കോളജില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി എട്ടു വരെ സംയുക്ത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ആതുര ശുശ്രൂഷാരംഗത്തെ നൂതന പ്രവണതകള്‍ ഇവിടുത്തെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കി നല്‍കുന്നതിനൊപ്പം കേരളീയ സംസ്കാരവും ആതുര ശുശ്രൂഷാ പ്രവര്‍ത്തനങ്ങളും പാശ്ചാത്യര്‍ക്ക് മനസിലാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വെസ്റ് ചെസ്റര്‍ സര്‍വകലാശാലയില്‍ നിന്നും 10 നഴ്സിംഗ് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രി, എസ്എടി ആശുപത്രി, ശാന്തിഗിരി ആയുര്‍വേദ ആശുപത്രി, നാലാഞ്ചിറയിലെ ബദനി പ്രകൃതി ചികിത്സാ കേന്ദ്രം, പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രം, തച്ചോട്ടുകാവിലെ അഭയ കേന്ദ്രം, പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന് സമീപമുള്ള വീടുകള്‍ എന്നിവയും സംഘം സന്ദര്‍ശിച്ച് വിലയിരുത്തും.

നഴ്സിംഗ് എഡ്യൂക്കേഷന്‍ ജോ. ഡയറക്ടര്‍ പ്രഫ. പ്രസന്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എല്‍. നിര്‍മല, നഴ്സിംഗ് രജിസ്ട്രാര്‍ പ്രഫ. വല്‍സ കെ. പണിക്കര്‍, വെസ്റ് ചെസ്റര്‍ സര്‍വകലാശാല അധ്യാപിക മാര്‍സിയ വാള്‍സ്, നഴ്സിംഗ് കോളജ് അസോസിയേറ്റ് പ്രഫസര്‍ പി. സുശീല എന്നിവര്‍ പങ്കെടുത്തു.