'കരുതല്‍ ഒപ്പം നടക്കാം ഒരു കൈ സഹായിക്കാം..' പദ്ധതിയുമായി ഒഐസിസി യൂത്ത് വിംഗ്
Wednesday, December 30, 2015 9:04 AM IST
ദമാം: ഒഐസിസി യൂത്ത് വിംഗ് ദമാം റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടിലും പ്രവാസലോകത്തും ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 'കരുതല്‍ ഒപ്പം നടക്കാം ഒരു കൈ സഹായിക്കാം..' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ അശരണരായവര്‍ക്ക് സഹായമെത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ഒഐസിസി യൂത്ത് വിംഗ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ലോഗോ അല്‍ കോബാറില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് പ്രകാശനം ചെയ്തു.

ദമാം ഒഐസിസിയുടെ യുവജന വിഭാഗം തുടക്കം കുറിച്ച 'കരുതല്‍ ഒപ്പം നടക്കാം ഒരു കൈ സഹായിക്കാം..' എന്ന പദ്ധതിയെ പി ടി തോമസ് പ്രശംസിച്ചു. ഒപ്പം, നാട്ടില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹകരണം തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. യൂത്ത് വിംഗ് ദമാം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് നബീല്‍ നെയ്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. പി.എം. നജീബ്, ബിജു കല്ലുമല, അഡ്വ. കെ.വൈ. സുധീന്ദ്രന്‍, പി.എ. നൈസാം, ഹനീഫ് റാവുത്തര്‍, പ്രസാദ് രഘുനാഥ്, നിസാം കൊല്ലം, നിഷാര്‍ എന്നിവര്‍ സംബന്ധിച്ചു. ഡിജോ പഴയമഠം സ്വാഗതവും അംജത് അടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം