സൌദിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു
Wednesday, December 30, 2015 9:03 AM IST
ദമാം: സൌദിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. ധനകമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് എണ്ണയ്ക്കും വൈദ്യുതിക്കും നല്‍കി വന്നിരുന്ന സബ്സിഡി പിന്‍ വലിച്ചതാണ് വില വര്‍ധനയ്ക്കു കാരണമായത്. പെട്രോള്‍ ലിറ്ററിന് 75 ഹലാലും ഡീസലിന് ലിറ്ററിന് 45 ഹലാലുമായാണ് ഉയര്‍ത്തിയത്. ഇതു വഴി സര്‍ക്കാരിന് ദിവസവും 26.3 ദശലക്ഷം റിയാലിന്റെ വര്‍ധനവുണ്ടാവും.

വ്യവസായ ആവശ്യത്തിനു നല്‍കുന്ന ഡീസല്‍ വില ബാരലിനു 34.2 റിയാലില്‍ നിന്നും 52.9 റിയാലായി ഉയര്‍ത്തി. വൈദ്യുതി നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്കു നിരക്ക് വര്‍ധനവില്ല. എന്നാല്‍ അതിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കു ഒരു യൂണിറ്റിനു 12 ഹലാലയില്‍ നിന്നും 20 ഹലാലയായി ഉയര്‍ത്തി.

വാണിജ്യ വ്യവസായ കാര്‍ഷിക മേഖലയ്ക്കുള്ള വൈദ്യുതിക്കും എണ്ണയ്ക്കും വില വര്‍ധിപ്പിച്ചതോടെ സൌദിയില്‍ വിവിധ സാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

രാജ്യത്ത് ദിവസേന ശരാശരി 528.3 ബാരല്‍ എണ്ണ ആഭ്യന്തര ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം