എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ചാര്‍ജ് നിരക്ക് കുറക്കണം: കല കുവൈറ്റ്
Wednesday, December 30, 2015 9:03 AM IST
കുവൈത്ത് സിറ്റി: ഇന്ത്യക്കാരുടെ സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ വരുത്തിയിരിക്കുന്ന കടുത്ത രീതിയിലുള വിമാന ചാര്‍ജ് കുറച്ചു സാധാരണക്കാരായ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ സൌകര്യമൊരുക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരോടും കേന്ദ്ര സര്‍ക്കാരിനോടും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഏഴു മാസം കഴിഞ്ഞു യാത്ര ചെയ്യാന്‍ പോലും ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ പോലും ഇന്നേ വരെയില്ലാത്ത ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടി വരുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ്, ടിക്കറ്റ് നിരക്കില്‍ വരുത്തിയ വര്‍ധനവു കാരണം മറ്റു വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് കേവലം സീസണ്‍ സമയക്കാലത്തെ വര്‍ധനവ് അല്ല എന്നതാണ് സത്യം.

ഏറ്റവും കൂടിയ ടിക്കറ്റ് ചാര്‍ജ് ഉള്ളതുകൊണ്ട് പലരും കണക്ഷന്‍ ഫ്ളൈറ്റുകള്‍ വഴിയും മറ്റു വിമാന കമ്പനികള്‍ മുഖേനയാണ് യാത്ര തിരിച്ചത്. അതുകൊണ്ട് തന്നെയാണ് ഇത്രയധികം സീറ്റുകള്‍ കാലിയായി പോകേണ്ടി വന്നത് എന്നുള്ളതാണ് സത്യം.

ഇത് തികഞ്ഞ അനീതിയാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നു കാണിച്ചു ജനപ്രതിനിധികള്‍ക്കും അധികാരികള്‍ക്കും കല കുവൈത്ത് ഭാരവാഹികള്‍ സന്ദേശമയച്ചു. ഈ വിഷയത്തെ മുന്‍ നിര്‍ത്തി കൂട്ടായി ശബ്ദമുയര്‍ത്താന്‍ എല്ലാവരും തയാറാകണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്തും ജനറല്‍സെക്രട്ടറി സജി തോമസ് മാത്യുവും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍