സൌദി ബാലന്റെ കൊലപാതക കേസ്; നസീറിന് ജയില്‍ മോചനം ലഭിച്ചേക്കും
Wednesday, December 30, 2015 6:10 AM IST
റിയാദ്: സൌദി ബാലന്‍ അനസ് അല്‍ ഷഹരിയുടെ മരണവുമായി ബന്ധപ്പെട്ടു ഒമ്പതു വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികളായ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കല്‍വീട്ടില്‍ അബ്ദുറഹീമിന്റെയും നല്ലളം ബസാര്‍ ചാലാട്ട് വീട്ടില്‍ മുഹമ്മദ് നസീറീന്റേയും കേസില്‍ വഴിത്തിരിവാകുന്നു. പുതിയതായി കേസിന്റെ ചാര്‍ജെടുത്ത ജഡ്ജി തിങ്കളാഴ്ച നടന്ന സിറ്റിംഗില്‍ കേസ് അനന്തമായി നീണ്ടു പോകുന്നതിനെ വിമര്‍ശിക്കുകയും ഉടന്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഇരു വിഭാഗവും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കയും ചെയ്തു. ഇത് പ്രകാരം കേസിന്റെ അടുത്ത സിറ്റിംഗ് ഇന്നു വീണ്ടും നടക്കും

കോടതി രണ്ടു വര്‍ഷം തടവും 300 അടിയും മാത്രം ശിക്ഷവിധിച്ച നസീറിന്റെ മോചനകാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കുന്നതിനും അബ്ദുറഹീമിന്റെ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുമായാണ് ഇന്ന് കോടതി വീണ്ടും ചേരുന്നതെന്ന് കോടതിയില്‍ ഹാജരായ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുവര്‍ക്കുമായി ഇന്ത്യന്‍ എംബസി വക്കാലത്ത് നല്‍കിയ അഭിഭാഷകനായ അലി മിസ്ഫര്‍ അലി അല്‍ ഹാജിരിയേയും വാദിഭാഗം വക്കീലിനേയും വിസ്തരിച്ച ജഡ്ജിക്ക് കഴിഞ്ഞ മാസം തന്നെ നസീറിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞു ജയിലില്‍ കഴിയുന്ന നസീറിനെ മോചിപ്പിക്കുന്നതിന് വാദിഭാഗത്തിന്റെ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വാദിഭാഗം ഇത് എതിര്‍ക്കുകയായിരുന്നു. കേസില്‍ തീര്‍പ്പാകുന്നത് വരെ നസീറിനെ ദീര്‍ഘകാലം ജയിലില്‍ പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ ജഡ്ജി ഒരു സൌദി പൌരന്റെ ജാമ്യത്തില്‍ നസീറിനെ മോചിപ്പിക്കാമെന്നറിയിക്കുകയായിരുന്നു. ഈ ആഴ്ച ഇന്ത്യന്‍ എംബസി ഒരു സൌദി പൌരന്റെ ജാമ്യം നല്‍കുകയാണെങ്കില്‍ നസീറിന് ജയില്‍ മോചിതനാകാം. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഏഴു വര്‍ഷത്തോളം അധികം തടവുശിക്ഷ അനുഭവിച്ച മുഹമ്മദ് നസീറിന് ന്യായമായും ലഭിക്കേണ്ട നഷ്ടപരിഹാരത്തിനായി അപ്പീല്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വെച്ചു തന്നെ നസീറിന്റെ വക്കീലിനോട് ആവശ്യപ്പെട്ടതായും എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതേ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ കേസും ഉടന്‍ തീര്‍പ്പാകാന്‍ സാധ്യത. ഇന്നു നടക്കുന്ന സിറ്റിംഗില്‍ മരണപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അല്‍ ഷഹരിയെ നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജഡ്ജി, വാദിഭാഗം വക്കീലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ കയറ്റിയെങ്കിലും അദ്ദേഹത്തെ കോടതിയിലെത്തിക്കണമെന്നും ജഡ്ജിയുടെ മുന്‍പാകെ അബ്ദുറഹീം മനഃപൂര്‍വ്വം തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നു 50 തവണ സത്യം ചെയ്യണമെന്നുമാണ് ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചെയ്തില്ലെങ്കില്‍ അബ്ദുറഹീമിനെ കുറ്റവിമുക്തനാക്കാനാണ് സാധ്യത.

2006 ഡിസംബര്‍ 24-നു റിയാദിലെ മന്‍സൂരിയയിലെ അനസ് ഫായിസ് അല്‍ ഷഹരി എന്ന സൌദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് ഹൌസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുറഹീം പിടിക്കപ്പെടുന്നത്. റഹീം ചെയ്ത കൊലപാതകം മറച്ചു വെയ്ക്കാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണു ബന്ധുവും റിയാദിലെ ഒരു പ്രമുഖ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തിരുന്ന മുഹമ്മദ് നസീറിനെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തത്. 20 ദിവസം മുന്‍പ് മാത്രം ഹൌസ് ഡ്രൈവര്‍ വിസയിലെത്തിയ അബ്ദുറഹീം ഒരു അപകടത്തെത്തുടര്‍ന്നു ശരീരം തളര്‍ന്ന അനസിനെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വണ്ടിയില്‍ കൊണ്ടു പോകുകയായിരുന്നു. യാത്രാമധ്യേ റഹീമിനോട് മോശമായി പെരുമാറിയ അനസിനെ കൈകൊണ്ട് തടയുന്നതിനിടെ സംഭവിച്ച കൈയ്യബദ്ധമാണ് മരണത്തില്‍ കലാശിച്ചത്. അവിടെ നിന്നും അനസിന്റെ മൊബൈല്‍ ഉപയോഗിച്ച് ബന്ധുവായ നസീറിനെ വിളിച്ചു വരുത്തിയതാണ് നസീറിനേയും കേസില്‍ കുടുക്കിയത്. 2012 ജനുവരി 26 നാണ് കോടതി റഹീമിന് വധശിക്ഷയും നസീറിന് രണ്ടു വര്‍ഷം തടവും 300 അടിയും ശിക്ഷ വിധിച്ചത്.

ഇവരുടെ മോചനത്തിനായി കെഎംസിസിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നാട്ടിലും സൌദിയിലും ഏറെക്കാലമായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കെഎംസിസി സൌദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയും ഇവരുടെ നാട്ടുകാരനുമായ അഷ്റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ മോചനശ്രമങ്ങള്‍ പുരോഗമിക്കുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലെ അബ്ദുറസാഖ് സ്വലാഹിയുടെ നേതൃത്വത്തിലുള്ള പരിഭാഷകരും എല്ലാ തവണയും കോടതിയില്‍ ഹാജരാകുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍