തിരുക്കുടുംബ തിരുനാളും ജൂബിലേറിയന്‍സ് സംഗമവും
Tuesday, December 29, 2015 9:55 AM IST
ഡാളസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുക്കുടുംബത്തിന്റെ തിരുനാളും അതിനോടനുബന്ധിച്ചു ജൂബിലേറിയന്‍സ് സംഗമവും നടന്നു.

ഡിസംബര്‍ 27നു സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭക്തി നിര്‍ഭരമായ തിരുനാള്‍ കുര്‍ബാന നടന്നു. വിവാഹ ജീവിതത്തില്‍ ഇരുപത്തിയഞ്ചും അമ്പതും വര്‍ഷം പിന്നിട്ട ദമ്പതികളുടെ കാഴ്ചസമര്‍പ്പണത്തോടെയാണു ദിവ്യബലി ആരംഭിച്ചത്. ദിവ്യബലിയില്‍ ഇടവക വികാരി ഫാ. ജോണ്‍സ്റി തച്ചാറ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സ്റീഫന്‍ കണിപ്പള്ളില്‍ എംസിബിഎസ് (ഷിക്കാഗോ), ഫാ. സാബു ജോസഫ് (ഡല്‍ഹി, സെന്റ് മൈക്കിള്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍) എന്നിവര്‍ സഹകാര്‍മികാരായിരുന്നു. ഫാ. സ്റീഫന്‍ വചന സന്ദേശം നല്‍കി.

തുടര്‍ന്നു സെന്റ് അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമത്തിനു യൂത്ത് ക്വയറിന്റെ മംഗളഗാനാലാപനത്തോടെ തുടക്കം കുറിച്ചു. വിവാഹത്തിന്റെ ജൂബിലി വാര്‍ഷികം പൂര്‍ത്തിയാക്കിയ ഇടവകയിലെ എണ്‍പതോളം ദമ്പതിമാര്‍ ചടങ്ങില്‍ കൃതജ്ഞതാ സൂചകമായി കേക്ക് മുറിച്ചും പരസ്പരം മധുരം പങ്കുവച്ചും വരും തലമുറയ്ക്ക് മാതൃകയും പ്രചോദനവുമായി. ഇടവകയുടെയും സഭാജീവിതതിന്റെയും വളര്‍ച്ചയില്‍ കുടുംബജീവിതത്തിന്റെയും പ്രാധാന്യവും മഹത്വവും ഉയര്‍ത്തികാട്ടുന്നതായിരുന്നു ജൂബിലേറിയന്‍സിന്റെ ഈ സംഗമം. തിരുനാളിനും ചടങ്ങുകള്‍ക്കും കൈക്കരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, പോള്‍ ആലപ്പാട്ട്, നൈജോ മാത്യു, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍