യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ആല്‍ബനി ക്രിസ്മസ് ആഘോഷിച്ചു
Tuesday, December 29, 2015 7:59 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ (യുസിസി) ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.

ഡിസംബര്‍ 20നു(ഞായര്‍) വെസ്റേണ്‍ അവന്യുവിലെ മക്കോവന്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ് ചര്‍ച്ചില്‍ ആയിരുന്നു ആഘോഷ പരിപാടികള്‍. ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ട് 'ആട്ടിടയര്‍ രാത്രികാലേ' എന്നു തുടങ്ങുന്ന ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനം ആലപിച്ചുകൊണ്ട് യുസിസി ക്വയര്‍ അംഗങ്ങളും കുട്ടികളും കത്തിച്ച മെഴുകുതിരികളും കൈയിലേന്തി വേദിയിലേക്ക് വന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി.

ചാര്‍ലി യംഗ് (പാസ്റര്‍, മക്കോവന്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ് ചര്‍ച്ച്, ആല്‍ബനി), ഫാ. സുജിത് തോമസ് (സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, റവ. മാത്യു ബേബി (സെന്റ് ജയിംസ് മാര്‍ത്തോമ ചര്‍ച്ച്, റവ. തോമസ് മാത്യു, റവ. ജയിംസ് ജേക്കബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

റവ. മാത്യു ബേബി (സെന്റ്് ജയിംസ് മാര്‍ത്തോമ ചര്‍ച്ച്, ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ഥന നടത്തി. യുസിസി സെക്രട്ടറി ദീപു വര്‍ഗീസ് സ്വാഗതമാശംസിച്ചു. മുഖ്യാതിഥി റവ. ഡോ. ഡെസ്മണ്ട് ഫ്രാന്‍സിസ് (റെക്ടര്‍, ട്രിനിറ്റി ചര്‍ച്ച്) ക്രിസ്മസ് സന്ദേശം നല്‍കി.

യുസിസി സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'ദ ട്രൂ മീനിംഗ് ഓഫ് ക്രിസ്മസ്' എന്ന സ്കിറ്റ്, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും അവതരിപ്പിച്ച 'ക്രിസ്മസ് ഓഫറിംഗ്' എന്ന ഇംഗ്ളീഷ് ഗാനം എന്നിവ ഏറെ മനോഹരമായിരുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച്, സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നീ ഗായകസംഘങ്ങള്‍ ആലപിച്ച ക്രിസ്മസ് ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഡാനിയേല്‍ ദീപു, അലയ്ന ഏബ്രഹാം എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധേയമായി. റവ. തോമസ് മാത്യുവിന്റെ ആശീര്‍വാദത്തോടുകൂടി പരിപാടികള്‍ സമാപിച്ചു.

വിവിധ സഭാ വിഭാഗക്കാരുടെ ആത്മാര്‍ഥ സഹകരണം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ജോര്‍ജ് പി. ഡേവിഡ്, തോമസ് ജോസഫ് എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായിരുന്നു. ഷീന കോട്ടയ്ക്കല്‍, ജെറെമി ഡേവിഡ് എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു.

ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പി. ഡേവിഡ് നന്ദി പറഞ്ഞു. ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ