റിയാദില്‍ ചില്ല സര്‍ഗവേദി ചര്‍ച്ച സംഘടിപ്പിച്ചു
Monday, December 28, 2015 8:33 AM IST
റിയാദ്: ജ്ഞാനത്തിന്റെ വലിയൊരു നിക്ഷേപമാണു മരുഭൂവാസികളില്‍ കാണാനായത് എന്നും ബദു എന്നത് മോശം അര്‍ഥത്തില്‍ ഉപയോഗിക്കുന്നത് വംശീയ അധിക്ഷേപമാണെന്നും സാഹിത്യ അക്കാദമി പുരസ്കാര ജേതാവും പ്രമുഖ എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ്.

റിയാദില്‍ ചില്ല സര്‍ഗവേദി ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ 'മരുമരങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫോണ്‍ ഇന്‍ സന്ദേശമായാണ് മുസഫര്‍ അഹമ്മദ് ഇക്കാര്യം പറഞ്ഞത്.

ചില്ലയുടെ പ്രതിമാസ വായനാ പരിപാടി ഇത്തവണ മുസഫര്‍ അഹമ്മദിന്റെ രചനകളെ സംബന്ധിച്ചായിരുന്നു. മുസഫര്‍ അഹമ്മദിന്റെ സജീവമായ സൌദി ജീവിതത്തിലെ യാത്രകളും ജീവിതകഥകളും ഉള്‍ക്കൊള്ളുന്ന പ്രധാന മൂന്നു പുസ്തകങ്ങളായിരുന്നു വിശേഷാല്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ജീവന്റെ തുടിപ്പുകള്‍ എവിടെയുമുണ്െടന്നും അത് അന്വേഷിച്ച് കണ്െടത്തുന്നതാണ് ജീവിതയാത്രയുടെ സാഫല്യമെന്നും നമ്മെ ഓര്‍മപ്പെടുത്തുന്ന അകക്കാഴ്ചകളാണ് 'മരുമരങ്ങള്‍' എന്ന തന്റെ രചനയിലൂടെ മുസഫര്‍ അഹമ്മദ് പറയുന്നതെന്ന് പുസ്തകം അവതരിപ്പിച്ചുകൊണ്ട് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

യാത്രാവിവരണത്തിനുള്ള സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ മുസഫറിന്റെ 'മരുഭൂമിയുടെആത്മകഥ'യുടെ ആസ്വാദനം എം. ഫൈസല്‍ നടത്തി. ഊഷരതയിലെ ജലസാന്നിധ്യവും ജലയുദ്ധവും പ്രതിപാദിക്കുന്ന ആദ്യ അധ്യായം മുതല്‍ ഉദ്വേഗഭരിതമാക്കുന്ന ശൈലിയിലൂടെ തുടങ്ങി മരുപ്പച്ചയുടെ അനുഭൂതിയിലേക്ക് എന്ന പോലെ കാവ്യാത്മകമായ ഭാഷയിലൂടെ വായനക്കാരെ കൂടെ കൊണ്ടുപോകാന്‍ മുസാഫറിനു കഴിഞ്ഞു എന്നു ഫൈസല്‍ പറഞ്ഞു.

പതിമൂന്ന് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ കണ്ടതും അനുഭവിച്ചതുമായ മനുഷ്യജീവിത നേര്‍ക്കഥളുടെ സമാഹരിച്ച കുറിപ്പുകള്‍ 'കുടിയേറ്റക്കാരന്റെ വീട്' എന്ന പുസ്തകത്തിന്റെ വായനാനുഭവം നിജാസ് പങ്കുവച്ചു. ഊഷരതയിലെ ജീവന്റെ തുടിപ്പാണു മുസാഫര്‍ അഹമ്മദിന്റെ അന്വേഷണങ്ങളില്‍ കണ്െടത്തുന്നത്. അതുകൊണ്ടുതനെയാവാം ഇഖാമ ഉള്ളവനും ഇല്ലാത്തവനുമായ ലക്ഷക്കണക്കിനു മലയാളികള്‍ക്ക് അന്നവും അര്‍ഥവും നല്‍കി ഇവിടെ ജീവിതം പൊലിപ്പിച്ചു നിര്‍ത്തുന്നത്. അരനൂറ്റാണ്ട് കാലം ഗള്‍ഫ് മലയാളികള്‍ നടത്തിയ കത്തിടപാടുകളാണ് മലയാള ചരിത്രത്തിന്റെ പ്രധാന ഏടായി മാറേണ്ടത് എന്ന് മുസഫര്‍ പറയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തരത്തില്‍ ഒരു കണ്െടടുക്കല്‍ ദുഷ്കരമായ ഇക്കാലത്ത് മുസഫര്‍ എഴുതിയതുപോലുള്ള പ്രവാസകുറിപ്പുകള്‍ക്ക് ഏറെ പ്രാധാന്യമുണ്െടന്നും മണ്ണില്‍നിന്നു മണലിലേക്കു വന്ന ഗള്‍ഫുകാരന്‍ എന്ന പ്രതിഭാസത്തെ പഠിക്കാന്‍ ഒരുപരിധിവരെ ഇത്തരത്തിലുള്ള എഴുത്തുകള്‍ സഹായകരമാകുമെന്നും നിജാസ് പറഞ്ഞു. മലയാള സാഹിത്യത്തെ നിര്‍ണയിച്ച പ്രവാസ ജീവിതഘടകങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന മുസഫറിന്റെ എഴുത്തില്‍ ഗള്‍ഫുകാരന്റെ നേര്‍ക്കഥകള്‍ വരുന്നതില്‍ അത്ഭുതമില്ല എന്നും നിജാസ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു നടന്ന സര്‍ഗസംവാദത്തിനു ജോസഫ് അതിരുങ്കല്‍ നേതൃത്വം നല്‍കി. ബീന, അനിത നസീം, ശംല ചീനിക്കല്‍, പ്രിയ സന്തോഷ്, ടി.ആര്‍. സുബ്രഹ്മണ്യന്‍, റസൂല്‍ സലാം, ജാബിറലി എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു സംസാരിച്ചു. മഴയും തണുപ്പും അവഗണിച്ച് പ്രതികൂലകാലാവസ്ഥയില്‍ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതു വായനയോടുള്ള റിയാദ് മലയാളികളുടെ താത്പര്യത്തെയാണു സൂചിപ്പിക്കുന്നതെന്നു ചില്ല ഉപദേശകസമിതിയംഗം റഫീഖ് പന്നിയങ്കര പറഞ്ഞു.

മുസഫര്‍ അഹമ്മദിന്റെ യാത്രയിലെ സഹയാത്രികനും പ്രഫഷണല്‍ ഫോട്ടോഗ്രാഫറുമായ മുഹമ്മദ് നൌഫല്‍ സൌദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നു വര്‍ഷങ്ങളിലായി പകര്‍ത്തിയ തെരഞ്ഞെടുത്ത മുപ്പതോളം ഫോട്ടോകളുടെ പ്രദര്‍ശനവും പരിപാടിക്കു മികവേറി. മുസഫര്‍ എഴുതിയനുഭവിപ്പിച്ച മരുയാത്രകളുടെ കാഴ്ചകള്‍ക്കു ലെന്‍സ് പകര്‍ന്ന മുഹമ്മദ് നൌഫല്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിശേഷാല്‍ പരിപാടിക്കുവേണ്ടി ഫോട്ടോപ്രദര്‍ശനം നടത്തുന്നത്. നൌഫല്‍ പൂവക്കുറിശി, യൂസഫ്പാ, സതീശ്ബാബു, ജോഷി പെരിഞ്ഞനം, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ സജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ നൌഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍