പത്താംതരം തുല്യതാ പരീക്ഷ: പ്രവാസലോകത്തും വിജയോത്സവം
Monday, December 28, 2015 8:33 AM IST
ദുബായി: കേരള സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പത്താംതരം തുല്യതാ പരീക്ഷയില്‍ ദുബായി കെഎംസിസി സെന്ററിനു നൂറു ശതമാനം വിജയം.

തുല്യതാ പരീക്ഷയില്‍ വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വിജയികളെ അനുമോദിക്കുന്ന ചടങ്ങും ദുബായി കെഎംസിസി ആസ്ഥാനത്ത് നടന്നു.

എന്‍ഐ മോഡല്‍ സ്കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സംസ്ഥാന സക്ഷരതാമിഷന്‍ ഭരണസമിതി ചെയര്‍മാന്‍ സലിം കുരുവമ്പലം വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിപാടി ഭരണസമിതി അംഗം എം.എ. റസാഖ് അനുമോദന പ്രസംഗം നടത്തി. സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ മൂന്നാം ബാച്ചാണ് ഇപ്പോള്‍ നൂറു ശതമാനം വിജയത്തോടെ പുറത്തിറങ്ങിയത്. പാതി വഴിയില്‍ പഠനം നിര്‍ത്തി പ്രവാസ ലോകത്തെത്തിയ മലയാളികള്‍ക്കു സര്‍ക്കാരിന്റെ തുല്യതയില്ലാത്ത സേവനമാണ് ഈ കോഴ്സ് പ്രവാസ ലോകത്ത് ആരംഭിക്കാനായത്. പ്രവാസികള്‍ക്കായി യുഎഇയില്‍ കോഴ്സ് ആരംഭിക്കണമെന്ന് കെഎംസിസി അടക്കമുള്ള മലയാളി സംഘടനകളുടെ അഭ്യര്‍ത്ഥനമാനിച്ചാണ് വിദ്യാഭ്യാസ വകുപ്പും സക്ഷരതാമിഷനും അത്തരമൊരു തീരുമാനമെടുത്തത്. മൂന്നു ബാച്ചുകളിലായി പഠനം പൂര്‍ത്തിയായി വിജയിച്ചവരില്‍ അറുപതോളം പേര്‍ക്ക് തങ്ങളുടെ ജോലിയില്‍ ഇതിനകം പ്രമോഷന്‍ നേടാനായിട്ടുണ്ട്. തന്നേയുമല്ല പത്താം തരം തുല്യതാ സര്‍ട്ടിഫിക്കറ്റിന് പിഎസ്സിയുടെ അംഗീകാരവും നേടാനായിട്ടുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പിഎസ്സി ടെസ്റ് എഴുതാനുള്ള അവസരംകൂടിയാണ് ഇതോടെ കൈവന്നിട്ടുള്ളത്.

യുഎഇയില്‍ ദുബായിലും അജ്മാനിലുമാണ് ഇപ്പോള്‍ പഠന കേന്ദ്രങ്ങള്‍ ഉള്ളത്. നാലാമത്തെ ബാച്ചിന്റെ ക്ളാസുകള്‍ ദുബായി കെഎംസിസിയില്‍ ആരംഭിച്ചുകഴിഞ്ഞു. പ്ളസ്ടു തുല്യതാ പരീക്ഷക്കുള്ള രജിസ്ട്രേഷന്‍ ജനുവരി അവസാനത്തോടെ ദുബായി കെഎംസിസിയില്‍ ആരംഭിക്കും. കെഎംസിസി നേതാക്കളായ മുസ്തഫ തിരൂര്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, അബ്ദുള്‍ഖാദര്‍ അറിപ്പാമ്പ്ര, അസൈനാര്‍ തോട്ടുംഭാഗം, എന്‍.കെ. ഇബ്രാഹിം, അഷ്റഫ് പള്ളിക്കര എന്നിവര്‍ സംബന്ധിച്ചു. ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍