വാര്‍ത്തകളില്‍ വഴിത്തിരിവുണ്ടാക്കുന്നതു പരസ്യദാതാക്കള്‍: നവോദയ
Monday, December 28, 2015 8:31 AM IST
റിയാദ്: ഇന്ത്യയിലെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ മൂലധന താത്പര്യങ്ങള്‍ക്കും നിലനില്‍പ്പിനായി പരസ്യദാതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുമാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്നും സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാനോ സാമൂഹ്യ പ്രതിബദ്ധതയോടെ പത്രപ്രവര്‍ത്തനം നടത്താനോ സാധിക്കാത്തവിധം കച്ചവടവത്കരിക്കപ്പെട്ടിരിക്കയാണ് ഇവരെന്നും റിയാദ് നവോദയ 'വാര്‍ത്തയും വസ്തുതകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതല്‍ പത്രവായനാ ശീലമുള്ളവരും വാര്‍ത്തകള്‍ ചര്‍ച്ചയാക്കുന്നതും മലയാളികളാണ്. പൊതുവേ നല്ലനിലവാരം പുലര്‍ത്തുന്ന മാധ്യമങ്ങളാണ് കേരളത്തിലുള്ളതെങ്കിലും അനാരോഗ്യകരമായ മത്സരബുദ്ധി മൂലം വാര്‍ത്തകളെ പൈങ്കിളിവത്കരിക്കുകയും മൂല്യങ്ങളെ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നുണ്െടന്നും പങ്കെടുത്തവര്‍ പറഞ്ഞു.

ഏതെങ്കിലും മത ജാതി വിഭാഗങ്ങളോടെ രാഷ്ട്രീയ കക്ഷികളോടോ കൂറ് പുലര്‍ത്താത്ത ഒരു വാര്‍ത്താമാധ്യമവും കേരളത്തില്‍ ഇല്ലെന്ന അവസ്ഥയാണിന്ന്. ദൃശ്യമാധ്യമങ്ങളുടെ ആധിക്യവും ബ്രേക്കിംഗ് ന്യൂസിനായി അവര്‍ നടത്തുന്ന എടുത്തുചാട്ടങ്ങളും അതിന്റെ അളവ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്നത്തെ വാര്‍ത്തകള്‍ നാളത്തെ ചരിത്രങ്ങളായി രചിക്കപ്പെടും എന്നതിനാല്‍ തന്നെ അസത്യ പ്രചാരണങ്ങളിലൂടെ ചരിത്രത്തോടു പോലും അനീതി ചെയ്യുകയാണിവരെന്നു വിഷയാവതാരകനായ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

നവോദയ മുന്‍ സെക്രട്ടറി ഉദയഭാനു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വിഭാഗം ചെയര്‍മാന്‍ കുമ്മിള്‍ സുധീര്‍ കോഓര്‍ഡിനേറ്ററായിരുന്നു. വി.ജെ. നസറുദ്ദീന്‍, സത്താര്‍ കായംകുളം (ഒഐസിസി), എം. മൊയ്തീന്‍ കോയ (കെഎംസിസി), രവീന്ദ്രന്‍ (നവോദയ), ഹനീഫ കൂട്ടായി, ജയകുമാര്‍, ബാബുജി, സുദര്‍ശനന്‍, പൂക്കോയ തങ്ങള്‍, ഷൈജു ചെമ്പൂര്‍, ലത്തീഫ്, നിഷാ അഹമ്മദ്, രാജേഷ്, ഇബ്രാഹിം, സുരേഷ് സോമന്‍, റാം, സതീഷ്, പ്രഭാകരന്‍, ആര്‍. മുരളീധരന്‍ എന്നിവരും മാധ്യമരംഗത്ത് നിന്നും ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരും പങ്കെടുത്തു.

ചെന്നൈ മഴക്കെടുതിയിലും ജസാന്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിലും മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ചര്‍ച്ച ആരംഭിച്ചത്. നവോദയ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ അഹമ്മദ് മേലാറ്റൂര്‍ സ്വാഗതവും സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍