യൂത്ത് ഇന്ത്യ പ്രഫഷണല്‍ ക്ളബിനു അല്‍കോബാറില്‍ തുടക്കമായി
Monday, December 28, 2015 8:30 AM IST
ദമാം: ഇന്ത്യന്‍ പ്രവാസി യൌവനത്തിനു തുടര്‍ച്ചയായ പ്രഫഷണല്‍ ട്രെയിനിംഗിലൂടെ മികവാര്‍ന്ന വിജയം എന്ന ലക്ഷ്യത്തോടെ യൂത്ത് ഇന്ത്യ അല്‍കോബാര്‍ ചാപ്റ്റര്‍ ആരംഭിച്ച യൂത്ത് ഇന്ത്യ പ്രഫഷണല്‍ ക്ളബിനു തുടക്കമായി.

അക്രബിയയിലെ യൂത്ത് ഇന്ത്യ ഹാളില്‍ നടന്ന ചടങ്ങ് യൂത്ത് ഇന്ത്യ സെന്‍ട്രല്‍ പ്രസിഡന്റ് അമീന്‍ വി. ചൂനൂര്‍ ഉദ്ഘാടനം ചെയ്തു. ജോലി നേടിയെടുക്കുന്നതിനും മത്സരപരീക്ഷകള്‍ വിജയിക്കുന്നതിനുമായി നാം ചെയ്യുന്ന പ്രയത്നങ്ങള്‍ അവ നേടിയെടുക്കുന്നതോടെ അവസാനിക്കുന്നു.

ഇത്തരം പ്രയത്നങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകാന്‍ ഇതുപോലുള്ള പ്രഫഷണല്‍ ക്ളബുകള്‍ വഴി സാധ്യമാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങില്‍ യൂത്ത് ഇന്ത്യ രക്ഷാധികാരി മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത്ഇന്ത്യ അല്‍കോബാര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനീസ് സ്വാഗതവും സെക്രട്ടറി ഹിഷാം നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന ആദ്യ ട്രെയിനിംഗ് സെഷനില്‍ 'എക്സല്‍ യുവര്‍ കരിയര്‍' എന്ന വിഷയത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി അംഗവും ഇറാം ഗ്രൂപ്പ് സീനിയര്‍ ഐടി മാനേജരുമായ റഷീദ് ഉമ്മര്‍ പരിശീലനം നല്‍കി. ബിസിനസ് കമ്യൂണിക്കേന്‍, ഫിനാന്‍സ് ഫോര്‍ നോണ്‍ഫിനാന്‍സ് മാനേജേഴ്സ് എന്നീ വിഷയങ്ങളില്‍ വരും ആഴ്ചകളില്‍ ട്രെയിനിംഗ് ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം