പുണ്യനിറവില്‍ ഫീനിക്സില്‍ ക്രിസ്മസ് ആഘോഷിച്ചു
Monday, December 28, 2015 7:40 AM IST
ഫീനിക്സ്: ഫീനിക്സ് സീറോ മലബാര്‍ തിരുക്കുടുംബ ദേവാലയത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ മലയാളി ക്രൈസ്തവര്‍ക്കു പുണ്യാനുഭവമായി. തികച്ചും പരമ്പരാഗത കേരളീയ കത്തോലിക്കാ പാരമ്പര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങളാണ് ആഘോഷങ്ങളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയത്. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും, മറ്റു പിറവിത്തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കും വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ഉണ്ണിയേശുവിനേയും കരങ്ങളില്‍വഹിച്ചുകാുെള്ള തിരുനാള്‍ പ്രദക്ഷിണം, തീകായല്‍ ചടങ്ങ്, പാതിരാ കുര്‍ബാന തുടങ്ങിയ ഭക്താനുഷ്ഠാനങ്ങള്‍ കേരളീയ കത്തോലിക്കാ പാരമ്പര്യത്തിന്റെ ആത്മീയ ഗൃഹാതുരത്വമുണര്‍ത്തുന്നതായി.

പുല്‍ക്കൂട്ടില്‍ പിറന്ന തിരുക്കുമാരനെ കണ്ടു വണങ്ങി, നേര്‍ച്ച-കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അനുഗ്രഹങ്ങള്‍ തേടുന്നതിനും ഇടവകാംഗങ്ങള്‍ എല്ലാവരും നേരത്തേതന്നെ എത്തിച്ചേര്‍ന്നിരുന്നു. ക്രിസ്മസിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടു തിരുപ്പിറവി ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും വികാരിയച്ചന്റെ നേതൃത്വത്തില്‍ കേക്ക് വിതരണവും ഉണ്ടായിരുന്നു.

ക്രിസ്തുവിന്റെ കാലത്തെ പഴയ ജെറുസലേം പട്ടണം പശ്ചാത്തലത്തില്‍ അവതരിപ്പിച്ചുകൊണ്ട് നിര്‍മിച്ച പുല്‍ക്കൂട് ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഏറെ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റി. ട്രസ്റിമാരായ റ്റോമിച്ചന്‍ വര്‍ഗീസ്, അശോക് പാട്രിക് എന്നിവര്‍ ആഘോഷപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനു മുഖ്യ നേതൃത്വം നല്‍കി. മാത്യു വര്‍ഗീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം