മാധ്യമ പുരസ്കാരം നേടിയവരെ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് അനുമോദിച്ചു
Saturday, December 26, 2015 9:01 AM IST
ഗാര്‍ലന്റ്: നോര്‍ത്ത് ടെക്സസില്‍ നിന്ന് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ നേടിയ ഏബ്രഹാം തോമസ് (ഡാളസ്), പി.പി. ചെറിയാന്‍ (ഡാളസ്), സുധാ ജോസഫ് (കൈരളി ടിവി, ഡാളസ്), മീനു എലിസബത്ത് (കോളമിസ്റ്, ഡാളസ്) എന്നിവരെ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് (ഐപിസിഎന്‍എ ഡാളസ് ചാപ്റ്റര്‍) പ്രത്യക യോഗം അനുമോദിച്ചു.

ഇന്ത്യാ ഗാര്‍ഡന്‍സ് റസ്ററന്റിലാണ് അനുമോദന ചടങ്ങ് നടന്നത്. ഇന്ത്യാ പ്രസ് ക്ളബ് നോര്‍ത്ത് ടെക്സസ് ചാപ്റ്ററിനു ലഭിച്ച അംഗീകാരത്തില്‍ സന്തോഷിക്കുന്നതായും മികച്ച മാധ്യമ പ്രവര്‍ത്തനത്തിനു പുരസ്കാരങ്ങള്‍ നേടിയവരെ അനുമോദിക്കുന്നതായും നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് ജോസ് പ്ളാക്കാട്ട്, നിയുക്ത പ്രസിഡന്റ് ബിജിലി ജോര്‍ജ് എന്നിവര്‍ സംയുക്തമായി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഒരു പത്രപ്രവര്‍ത്തനകായി തുടങ്ങി, അമേരിക്കയിലെത്തിയശേഷവും വര്‍ഷങ്ങളായി വാര്‍ത്താ മാധ്യമ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക ലേഖനങ്ങളും കോളങ്ങളും എഴുതിവരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഏബ്രഹാം തോമസ്.

പ്രവാസി പേജുകളില്‍ അമേരിക്കന്‍ മുഖ്യധാരാ വാര്‍ത്തകള്‍ ചൂടോടെ എത്തിച്ചും ആനുകാലിക വിഷയങ്ങളെകുറിച്ചുള്ള ലേഖനങ്ങള്‍ സരസഭാഷയില്‍ എഴുതിയും ശ്രദ്ധേയനായ പി.പി. ചെറിയാന്‍ ഡാളസിലെ സാമൂഹിക സാംസകാരിക രംഗത്തെ നിറസാന്നിധ്യം കൂടിയാണ്.

കൈരളി ടിവിയില്‍ കഴിഞ്ഞ ആറു വര്‍ഷമായി യുഎസ്എ വാരാന്ത്യ പരിപാടിയുമായി എത്തുന്ന സുധാ ജോസഫ് തന്റെ മികച്ച അവതരണവും ഭാഷാശൈലിയുമായി ശ്രോതാക്കളെ ആകര്‍ഷിക്കുന്നു.

അമേരിക്കയിലെ മലയാളി എഴുത്തുകാരില്‍ ഏറ്റവും കൂടുത വായിക്കപെടുന്ന രചനകള്‍ കഥാകാരിയും കവയത്രിയുമായ മീനു എലിസബത്തിന്റേതാണ്. മലയാളിയുടെ ഓര്‍മകളെ മലയാളനാടിന്റെ നന്മകളുമായി ചേര്‍ത്തിണക്കിയുള്ള മീനുവിന്റെ രചനകള്‍ വായനക്കാരെ വേറിട്ടൊരുലോകത്തില്‍ എത്തിക്കുന്നവയാണ്.

യോഗത്തില്‍ പി.പി. ചെറിയാന്‍, ടി.സി. ചാക്കോ, സിജു ജോര്‍ജ്, മാര്‍ട്ടിന്‍ വിലങ്ങോലില്‍, ബെന്നി ജോണ്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.