ഫുജൈറയില്‍ കൈരളി ഇന്റര്‍ സ്കൂള്‍ യുവജനോത്സവ ലോഗോ പ്രകാശനം ചെയ്തു
Saturday, December 26, 2015 8:56 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഫുജൈറ, റാസ് അല്‍ഖൈമ എന്നീ എമിറേറ്റുകളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ സ്കൂള്‍ യുവജനോത്സവം നടത്തുന്നു. ജനുവരി എട്ടിന് (വെള്ളി) ഫുജൈറ ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി.

ഇതിന്റെ ഭാഗമായി കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍സ്കൂള്‍ യുവജനോത്സവ ലോഗോ പ്രകാശനം ഫുജൈറ കൈരളി ഓഫീസില്‍ കൂടിയ ജനറല്‍ബോഡി യോഗത്തില്‍ നടന്നു. കൈരളി യുവജനോത്സവ കമ്മിറ്റി ചെയര്‍മാന്‍ സൈമണ്‍ സാമുവല്‍ ആദ്യകാല മെംബര്‍ ശങ്കരേട്ടനു നല്‍കി ലോഗോ പ്രകാശനം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ സി.കെ. ലാല്‍ യുവജനോത്സവ പരിപാടികള്‍ വിശദീകരിച്ചു.

കൈരളി പ്രസിഡന്റ് അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സുകുമാരന്‍ സ്വാഗതവും ഉമ്മര്‍ നന്ദിയും പ്രകാശിപ്പിച്ചു. ഇന്റര്‍ സ്കൂള്‍ യുവജനോത്സവ നടത്തിപ്പിനായി അധ്യാപകരും വിവിധ മേഖലകളിലെ പ്രമുഖരും ഉള്‍പ്പെടുന്ന നൂറോളം പേരടങ്ങിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നു.

കേരള സര്‍ക്കാര്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ ഫുജൈറയില്‍ ആദ്യമായാണ് വിവിധ എമിറേറ്റുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റര്‍ സ്കൂള്‍ യുവജനോത്സവം നടത്തുന്നത്.