ഷിക്കാഗോ സെന്റ് മേരീസില്‍ കെയ്റോസ് ധ്യാനം സമാപിച്ചു
Thursday, December 24, 2015 7:16 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ നടന്നുവന്ന മൂന്നു ദിവസം നീണ്ടുനിന്ന കെയ് റോസ് ധ്യാനം ഡിസംബര്‍ 20ന് സമാപിച്ചു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം നടന്ന കെയ്റോസ് ധ്യാനം സെന്റ് മേരീസ് ഇടവകയ്ക്ക് പുതിയ ആത്മീയ ഉണര്‍വ് നല്‍കി. ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കിയത്. കെയ്റോസ് യൂത്ത് ടീം അംഗങ്ങള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള ധ്യാനത്തിന് നേതൃത്വം നല്‍കി. വിശ്വാസികളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്ന വചനപ്രഘോഷങ്ങള്‍, രോഗശാന്തി ശുശ്രൂഷകള്‍, ഭക്തിരസം തുളുമ്പുന്ന തിരുക്കര്‍മങ്ങള്‍, ഗാന ശുശ്രൂഷകള്‍, അനുഭവസാക്ഷ്യങ്ങള്‍, അനുതാപ ശുശ്രൂഷകള്‍ എന്നിവ ധ്യാനത്തിന് കൂടുതല്‍ ആത്മീയത പകര്‍ന്നു.

ഷിക്കാഗോ സെന്റ് തോമസ് രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സമീപ ഇടവകകളിലെ നിരവധി വൈദികരുടെ സാന്നിധ്യം അനുഗ്രഹ പ്രദമായിരുന്നു. ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റന്റ് വികാരി ഫാ. ജോസ് ചിറപ്പുറത്ത്, സിസ്റേഴ്സ്, പ്രാര്‍ഥന ഗ്രൂപ്പ് അംഗങ്ങള്‍, ചര്‍ച്ച് എക്സിക്യൂട്ടീവ്, അള്‍ത്താര ശുശ്രൂഷകള്‍, മതാധ്യാപകര്‍, ഗായകസംഘം, യൂത്ത് മിനിസ്ട്രി കോഓര്‍ഡിനേറ്റര്‍മാര്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്