അഞ്ചാം വയസില്‍ പോലീസ് ഓഫീസറായ കാലേബ് മരണത്തിന് കീഴടങ്ങി
Thursday, December 24, 2015 7:15 AM IST
ക്ളിബേണ്‍ സിറ്റി: ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത അഞ്ചു വയസുകാരനായ കാലേബ് ആഡംസ് ഡിസംബര്‍ 23ന് മരണത്തിനു കീഴടങ്ങി.

2015 ജനുവരി 29 നായിരുന്നു ക്ളിബേണ്‍ സിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചു വയസുകാരനായ കാലേബിന്റെ സത്യപ്രതിഞ്ജാ ചടങ്ങ് നടന്നത്. ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക പരേഡും പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.

എപ്പിലപ്സി, ഒട്ടിസം തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലേബിന് ഒരു പോലീസ് ഓഫീസറാകണമെന്നായിരുന്നു ജീവിതാഭിലാഷം. കാലേബിന്റെ ജീവിതാഭിലാക്ഷം നിറവേറ്റുന്നതിന് ക്ളിബേണ്‍ സിറ്റിയിലെ പോലീസ് ഓഫീസര്‍മാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെറു പ്രായത്തില്‍ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്തത്.

കാലേബിന്റെ മരണം കുടുംബാംഗങ്ങളോടൊപ്പം പോലീസ് ഓഫീസര്‍മാരേയും ദുഖത്തിലാഴ്ത്തി. ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര നല്‍കുന്നതിനുള്ള തയാറെടുപ്പിലാണ് പോലീസ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍