റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിക്ക് ആദ്യമായി ഒരു വനിതാ റെക്ടര്‍
Thursday, December 24, 2015 3:14 AM IST
വത്തിക്കാന്‍: റോമിലെ വിഖ്യാതമായ സെന്റ് ആന്റണീസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയെ ഇനി മുതല്‍ വനിതാ റെക്ടര്‍ നയിക്കും. ഫ്രാന്‍സിസ്കന്‍ സഭാംഗമായ സിസ്റര്‍ മേരി മെലണ്‍ ആണു ഈ അപൂര്‍വ ബഹുമതിയ്ക്കുടമയാകുന്നത്. വത്തിക്കാന്റെ കത്തോലിക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘമാണ് നിയമനവാര്‍ത്ത പുറത്തുവിട്ടത്.

ഇറ്റലി സ്വദേശിയായ സിസ്റര്‍ മെലണ്‍ ഇതേ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര പ്രൊഫസറും, ഡീനുമായി ജോലിചെയ്തുവരികയായിരരുന്നു. മൂന്നു വര്‍ഷത്തേക്കാണു റെക്ടര്‍ നിയമനം.

ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ബ്ളസഡ് ആഞ്ജലീന സന്യാസ സമൂഹത്തില്‍പെട്ട സിസ്റര്‍ മെലണ്‍ ഇതേ യൂണിവേഴ്സിറ്റിയില്‍ നിന്നുതന്നെ ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

മാര്‍പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴു പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളാണ് റോമിലുള്ളത്. ഈശോ സഭയുടെ (ജെസ്യൂട്ട്സ്) നിയന്ത്രണത്തിലുളള ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റി (ഗ്രിഗോറിയാന), റോമന്‍ രൂപതയുടെ ഭരണത്തിലുള്ള പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റി (ലാറ്റെറാനം), സൊസൈറ്റി ഓഫ് സെ. ഫ്രാന്‍സിസ് ഡിസാലസ് സഭയുടെ കീഴിലുള്ള പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റി (സലേഷ്യാനം), പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസ് (സാന്റാ ക്രോസ്), ഫ്രാന്‍സിസ്കന്‍ സന്യാസസമൂഹത്തിന്റെ ഭരണത്തിലുള്ള പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് സെ. ആന്റണി (അന്റോണിയാനം), ഡൊമിനിക്കന്‍ സഭയുടെ നിയന്ത്രണത്തിലുള്ള പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് സെ. തോമസ് അക്വിനാസ് (ആഞ്ജലിക്കം), കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സ് ഭരിക്കുന്ന പൊന്തിഫിക്കല്‍ ഉര്‍ബാന്‍ യൂണിവേഴ്സിറ്റി (ഉര്‍ബേനിയാന) എന്നീ ഏഴു ഉന്നത വിദ്യാഭ്യാസ സര്‍വകലാശാലകളാണ് റോമിലുള്ളത്.

നാളിതുവരെ പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന റെക്ടര്‍ സ്ഥാനത്തേക്ക് ആദ്യമായിട്ടാണൊണ് വനിതയെ നിയമിക്കുന്നത്. സഭാഭരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നിര്‍ണായകസ്ഥാനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ ഫ്രാന്‍സിസ് മാര്‍പാപ്പാ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍