കാലിക്കട്ട് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം പ്രതിനിധികള്‍ ചര്‍ച്ച നടത്തി
Wednesday, December 23, 2015 10:23 AM IST
ദമാം: ഹൃസ്വ സന്ദര്‍ശനാര്‍ഥം ദമാമിലെത്തിയ മുന്‍ പാര്‍ലമെന്റ് അംഗം പി.ടി. തോമസുമായി ദമാമിലെ കാലിക്കട്ട് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

യൂസേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കൊടുവള്ളിയുടെ നേതൃത്വത്തില്‍ ഫോറം പ്രതിനിധികളായ ഡോ. അബ്ദുസലാം, പി.എം. നജീബ്, നജീബ് അരഞ്ഞിക്കല്‍ എന്നിവര്‍ യൂസേഴ്സ് ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി. തോമസിനെ സന്ദര്‍ശിച്ച് പിന്തുണ തേടി.

2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നയം വിശദീകരിച്ച അദ്ദേഹം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ പ്രസ്തുത വകുപ്പ് നിഷ്കര്‍ഷിക്കുന്നുണ്െടന്നും അതിന് അവര്‍ക്ക് അര്‍ഹതയുണ്െടന്നും പി.ടി. തോമസ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് കഴിവിന്റെ പരമാവധി ഇടപെടലുകള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഫോറം നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണം വാഗ്ദാനം ചെയ്തു. ഫോറം ചെയര്‍മാന്‍ അഹമദ് പുളിക്കല്‍, ജനറല്‍ കണ്‍വീനര്‍ ടി.പി.എം. ഫസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടില്‍ ഇതുവരെ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം