നവോദയ ദമാം ടൌണ്‍ കുടുംബവേദി (റാബിയ) ഗ്രന്ഥപ്പുര സര്‍ഗസദസ് സംഘടിപ്പിച്ചു
Wednesday, December 23, 2015 8:33 AM IST
ദമാം: നവോദയ ദമാം ടൌണ്‍ കുടുംബവേദി റാബിയ യൂണിറ്റിനു കീഴിലുള്ള ഗ്രന്ഥപ്പുരയുടെ ബാനറില്‍ നടത്തിവരാറുള്ള സര്‍ഗ സംവാദസദസ്, അതിന്റെ മൂന്നാം അധ്യായം ഡിസംബര്‍ മൂന്നിനു ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടന്നു.

കെ.പി. അപ്പനും ശ്രീനാരായണ ഗുരുവും വി.കെ.എന്നും ഒ.വി. വിജയനും തുടങ്ങി കെ.ആര്‍. മീരയും സുഭാഷ് ചന്ദ്രനും വരെ നീണ്ട വായനാനുഭവങ്ങള്‍ മുതിര്‍ന്നവര്‍ പങ്കുവച്ചപ്പോള്‍ അവര്‍ക്കൊപ്പം തങ്ങളുടെതായ കൊച്ചുവായനാനുഭവങ്ങളും പങ്കുവച്ച് കൊച്ചുകുട്ടികള്‍ സദസിനെ വിസ്മയിപ്പിച്ചു. ഒഴിവുസമയങ്ങളത്രയും കുട്ടികള്‍ ഇരുളടഞ്ഞ മുറികളിലിരുന്ന് ഗ്രാഫിക് കഥാപാത്രങ്ങള്‍ക്കൊപ്പംമാത്രം കഴിച്ചുകൂട്ടുന്ന പ്രവണത നിലനില്‍ക്കുന്ന പ്രവാസി കുടുംബങ്ങളില്‍ പക്ഷേ മുമ്പേ നടക്കുന്നവരുടെ പൈതൃകം കെടാവിളക്കായി കാത്തുസൂക്ഷിക്കാന്‍ ഞങ്ങളുമുണ്ട് എന്നൊരു നൂതനവിപ്ളവത്തിന്റെ വിത്തു പാകുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ അവര്‍.

ഐ.ടി. അഷ്റഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനു രാജേഷ് ഗ്രന്ഥപ്പുര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവോദയ ദമാം ഏരിയ സംസ്കാരിക കണ്‍വീനര്‍ ദേവന്‍ പട്ടാമ്പി മോഡറേറ്ററായി. മേഖല സാംസ്കാരിക കണ്‍വീനര്‍ ശിവന്‍ കണ്ണൂര്‍ സംവാദത്തിന് തുടക്കം കുറിച്ചു. കേന്ദ്ര രക്ഷാധികാരി അംഗം ബഷീര്‍ വരോട് ക്രോഡീകരണവും കുടുംബവേദി ട്രഷറര്‍ സുരേഷ് കൊല്ലം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം