അഴിമതിക്കാരെ മോദി സംരക്ഷിക്കുന്നു: ദമാം ഒഐസിസി
Wednesday, December 23, 2015 8:32 AM IST
ദമാം: ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്ല ക്രിക്കറ്റ് സ്റേഡിയത്തിന്റെ നവീകരണത്തില്‍ വന്‍ അഴിമതി നടത്തിയെന്നു ബിജെപി എംപി കീര്‍ത്തി ആസാദ് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി രാജി വയ്ക്കണമെന്നു ദമാം ഒഐസിസി ആവശ്യപ്പെട്ടു.

ലളിത് മോദിയുടെ കമ്പനിയുമായുള്ള അവിഹിത ഇടപാടുകളില്‍ പങ്കാളിയായ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജെ സിന്ധ്യ, ഇന്ത്യയിലെ പിടികിട്ടാപ്പുള്ളിയായി ലണ്ടനില്‍ കഴിയുന്ന ലളിത് മോദിക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത സുഷമ സ്വരാജ്, മതസ്പര്‍ധ വളര്‍ത്തുന്ന അസഹിഷ്ണുതാപരമായ പ്രസ്താവനകള്‍ നടത്തിയ മന്ത്രിമാര്‍ എന്നിവരെയൊക്കെ നരേന്ദ്ര മോദി സംരക്ഷിക്കുകയാണ്. അഴിമതിയും അധികാര ദുര്‍വിനിയോഗവും മത സ്പര്‍ധ പ്രചാരണവും നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസില്‍ സിബിഐ യെക്കൊണ്ട് റെയ്ഡ് നടത്തിയത് അരുണ്‍ ജയ്റ്റ്ലിക്കെതിരായ ഫിറോസ് ഷാ കോട്ല അഴിമതിക്കേസിന്റെ ഫയലുകള്‍ കണ്െടടുക്കുന്നതിനായിരുന്നുവെന്നുള്ള ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളെയും അധികാര സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് തങ്ങളുടെ ഇംഗിതം നടപ്പാക്കുകയാണു ബിജെപിയും നരേന്ദ്ര മോദിയുമെന്നു ദമാം ഒഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം