സെലിബ്രേഷന്‍ ഓഫ് ഇന്ത്യന്‍ കള്‍ച്ചറിനു തുടക്കമായി
Wednesday, December 23, 2015 8:32 AM IST
കുവൈത്ത്: ഇന്ത്യന്‍ സംസ്കാരത്തെ കുവൈത്തില്‍ കൂടുതലായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് നാഷണല്‍ ലൈബ്രറിയുമായി സഹകരിച്ച് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന 'സെലിബ്രേഷന്‍ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍' പരിപാടിക്കു തുടക്കമായി.

അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിലെ കുവൈത്ത് നാഷണല്‍ മ്യൂസിയത്തിനു സമീപത്തെ നാഷണല്‍ ലൈബ്രറി സമുച്ചയത്തില്‍ നടക്കുന്ന പരിപാടി നാഷണല്‍ ലൈബ്രറി ജനറല്‍ മാനേജര്‍ കാമില്‍ അബ്ദുല്‍ ജലീലും ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

'ഞങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നു. ഇന്ത്യയുടെ നേതാവ് മഹാത്മാഗാന്ധിയുടെ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ നാടിന്റെ സംസ്കാരം കുവൈത്തുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. അവ കുവൈത്തുകാര്‍ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്' ഉദ്ഘാടനശേഷം കാമില്‍ അബ്ദുല്‍ ജലീല്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ വസ്ത്രങ്ങള്‍, കരകൌശല വസ്തുക്കള്‍, ആഭരണങ്ങള്‍, എമ്പ്രോയ്ഡറി, പെയിന്റിംഗുകള്‍, പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററികളുടെ പ്രദര്‍ശനമാണു മറ്റൊരു ആകര്‍ഷണം. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും കലയും പ്രതിപാദിക്കുന്ന 40 പുസ്തകങ്ങള്‍ എംബസി നാഷണല്‍ ലൈബ്രറിക്കു കൈമാറി. പ്രദര്‍ശനം ചൊവ്വാഴ്ച സമാപിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതുവരെയുമാണു പ്രദര്‍ശനം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍