എംഎസ്എം പ്രോഫ്കോണ്‍: സുബൈര്‍ പീടിയേക്കലും ശുക്കൂര്‍ സ്വലാഹിയും റിയാദില്‍
Wednesday, December 23, 2015 8:31 AM IST
റിയാദ്: ജനുവരിയില്‍ വയനാട്ടില്‍ കേരള നദ്വത്തുല്‍ മുജാഹിദീന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'പ്രോഫ്കോണ്‍ 2016' ന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി നിച്ച് ഓഫ് ട്രൂത്ത് പ്രബോധകന്‍ സുബൈര്‍ പീടിയേക്കലും എംഎസ്എം വൈസ് പ്രസിഡന്റ് ശുക്കൂര്‍ സ്വലാഹിയും 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ റിയാദില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

വെള്ളി വൈകുന്നേരം ആറിനു റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സലഫി മദ്രസയില്‍ സംഘടിപ്പിക്കുന്ന ബഹുജനസംഗമത്തില്‍ ഇരു നേതാക്കളും മുഹമ്മദ് നബി മാനവരില്‍ മഹോന്നതന്‍, ഭീകരത: പ്രവാചകനെ അനുകരിക്കുകയല്ല അപനിര്‍മിക്കുകയാണ് എന്നീ വിഷയങ്ങളില്‍ സംസാരിക്കുമെന്ന് ഇസ്്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്കായുള്ള പരിപാടികള്‍ ശനി ഉച്ചക്ക് 3.30ന് നടക്കും. എന്തുകൊണ്ട് ഇസ്ലാം, ഖുര്‍ആനിന്റെ വെളിച്ചം, കാമ്പസ് ചതിക്കുഴി എന്നീ വിഷയങ്ങളില്‍ സംവാദം നടക്കുമെന്ന് എംഎസ്എം ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 4032355. 0506985998, 0562935623.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍