കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ യുണൈറ്റഡ് എഫ്.സി ചാമ്പ്യന്‍മാര്‍
Tuesday, December 22, 2015 7:20 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിന് വേണ്ടിയുള്ള എട്ടാമതു കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഷിഫ അല്‍ ജസീറ അസീസിയ സോക്കറിനെ പരാജയപ്പെടുത്തി ഇസിയു ലൈന്‍ യുണൈറ്റഡ് എഫ്.സി ജേതാക്കളായി. പ്രശസ്തരായ ഒരുപിടി താരങ്ങളുമായി കലാശപ്പോരാട്ടത്തിനിറങ്ങിയ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ വിജയം യു.എഫ്.സി യുടെ കൈപ്പിടിയിലൊതുങ്ങി. റെക്കോര്‍ഡ് ജനസഞ്ചയമാണ് പ്രതികൂല കാലാവസ്ഥയിലും ഫൈനല്‍ മത്സരം കാണാനായി ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി സ്റ്റേഡിയത്തിലെത്തിയത്.

റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും സിറ്റി ഫ്ളവര്‍ റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടി നടന്ന ടൂര്‍ണ്ണമെന്റില്‍ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനിലെ എ ഡിവിഷനില്‍ കളിക്കുന്ന 8 ടീമുകളാണ് മാറ്റുരച്ചത്.

സന്തോഷ് ട്രോഫി താരം ഉസ്മാന്‍ ആഷിഖിനേയും അജ്മല്‍, മനാഫ് തുടങ്ങിയ മുന്‍നിര താരങ്ങളേയും അണിനിരത്തി അസീസിയ സോക്കറും സെന്‍ട്രല്‍ എക്സൈസ് താരം മുഹാദടക്കമുള്ള താരങ്ങളെ നാട്ടില്‍ നിന്നുമെത്തിച്ച് യുഎഫ്സിയും ത്രസിപ്പിക്കുന്ന ഫൈനല്‍ പോരാട്ടമാണ് കാണികള്‍ക്ക് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ മുഹാദിലൂടേയും വൈശാഖിലൂടേയും രണ്ട് ഗോള്‍ നേടി മുന്നേറ്റം നടത്തിയ യുണൈറ്റഡ് ടീം രണ്ടാം പകുതിയിലും തങ്ങളുടെ അക്രമണം തുടര്‍ന്നു. എന്നാല്‍ അസീസിയക്ക് കിട്ടിയ മൂന്നിലധികം അവസരങ്ങള്‍ അവര്‍ക്ക് ഗോളാക്കി മാറ്റാനായില്ല. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ യു.എഫ്.സി ക്കു വേണ്ടി വൈശാഖ് മൂന്നാമത്തെ ഗോളും നേടിയപ്പോള്‍ പകച്ചു നിന്ന അസീസിയയുടെ ഗോള്‍വലയിലേക്ക് റമീസ് യു.എഫ്.സി യുടെ നാലാമത് ഗോളും അടിച്ചു കയറ്റി. പിന്നീട് ഉണര്‍ന്ന് കളിച്ച അസീസിയക്ക് വേണ്ടി ആദ്യ ഗോള്‍ നബീലിലൂടെ രണ്ടാം പകുതിയുടെ ഇരുപതാം മിനുറ്റിലാണ് നേടാനായത്. പിന്നീട് ലഭിച്ച ഫ്രീകിക്ക് മനോഹരമായി യു.എഫ്.സി വലയിലെത്തിച്ച് മനാഫ് വയനാട് അസീസിയയുടെ രണ്ടാമത്തെ ഗോളും നേടി. ഫൈനലിലെ മികച്ച കളിക്കാരനായും ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പറായും യുഎഫ്സിയുടെ റയാസിനെ തെരഞ്ഞെടുത്തു.

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫിയും ജോയ് ആലുക്കാസിന്റെ സ്വര്‍ണ്ണനാണയവും അസീസിയ സോക്കറിന്റെ മനാഫ് വയനാട് കരസ്ഥമാക്കി. ബെസ്റ്റ് ഡിഫന്ററായി ഷഫീഖീനേയും ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോററായി യു.എഫ്.സി യുടെ നിഷാദ് കൊളക്കാടനേയും തെരഞ്ഞെടുത്തു. ചാലിയാര്‍ റെയിന്‍ബോ സോക്കറാണ് ടൂര്‍ണ്ണമെന്റിലെ ഫെയര്‍ പ്ളേ ട്രോഫി നേടിയത്. നിജില്‍ (ഡബ്ള്‍ ഹോഴ്സ്), ശശി പിള്ള (ജിമാര്‍ട്ട്), ടോണി (ജോയ് ആലുക്കാസ്), മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം, നാസര്‍ അബൂബക്കര്‍ (മദീന ഹൈപ്പര്‍), ഷാജി ആലപ്പുഴ, യഹ്യ (സഫാമക്ക), സൂരജ് പാണയില്‍ (റിയാദ് വില്ല), രാഗേഷ് പാണയില്‍, അഡ്വ. അജിത്, കെ.ആര്‍ ഉണ്ണികൃഷ്ണന്‍, പ്രഭാകരന്‍, നൌഷാദ് കോര്‍മത്ത് തുടങ്ങിയവര്‍ വിവിധ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

ഫൈനലില്‍ ദര്‍ഫിന്‍ ബഷീര്‍, ബജാഷ് ബഷീര്‍, സൂരജ് പാണയില്‍, ബി.ബാലചന്ദ്രന്‍, ഷിഹാബ് കൊട്ടുകാട്, സലിം, ഷഫീഖ്, ബാബുരാജ്, സമദ് ചാത്തോളില്‍, അരുണ്‍ ഗോപാല്‍ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

കേളി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനം സൂരജ് പാണയില്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് കൊട്ടുകാട്, ബാലചന്ദ്രന്‍, വി.കെ മുഹമ്മദ്, എസ്.എം പര്‍വേസ് ഷൌക്കത്ത്, നാസര്‍ അബൂബക്കര്‍, ഷാജി ആലപ്പുഴ, സലിം, ഷഫീഖ്, യഹ്യ, അക്ബര്‍ വേങ്ങാട്ട്, ശശിപിള്ള, അഷ്റഫ് വടക്കേവിള, നവാസ് വെമ്പായം, മൊയ്തീന്‍ കോയ, മുജീബ് ഉപ്പട, ബഷീര്‍ ചേലേമ്പ്ര, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, അഡ്വ. അജിത്, കെ.ആര്‍ ഉണ്ണികൃഷ്ണന്‍, ബിജു കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റഷീദ് മേലേതില്‍ സ്വാഗതവും ഷൌക്കത്ത് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍