ഡാളസില്‍ സൌത്ത് ഏഷ്യന്‍ ഫിലിം ഫെസ്റിവല്‍ ഫെബ്രുവരി 19 മുതല്‍ 21 വരെ
Tuesday, December 22, 2015 7:18 AM IST
ഡാളസ്: സൌത്ത് ഏഷ്യയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ പ്രവാസി സമൂഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന ഒരു ഡസനിലധികം ചിത്രങ്ങള്‍ ഫെബ്രുവരി 19 മുതല്‍ 21 വരെ ഡാളസില്‍ പ്രദര്‍ശിപ്പിക്കും. ഡാളസ്, ഡൌണ്‍ ടൌണ്‍, പ്ളാനോ തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചു നടത്തപ്പെടുന്ന ഫിലിം പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 'മിസ് ഇന്ത്യ അമേരിക്ക' എന്ന ചിത്രപ്രദര്‍ശനത്തോടെയാണ് ആരംഭിക്കുക. നാല്‍പ്പത്തിയാറാമതു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റവല്‍ ഓഫ് ഇന്ത്യയില്‍ അവാര്‍ഡിനു അര്‍ഹമായ ചിത്രങ്ങളും പ്രദര്‍ശനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്ളാനോയിലുള്ള ഏഞ്ചലിക്ക ഫിലിം സെന്ററിലാണു കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്നു സംഘാടകര്‍ അറിയിച്ചു.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് സൌത്ത് ഏഷ്യന്‍ ഫിലിം ഫെസ്റിവല്‍ ഒന്നാമതു വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഫിലിം ഫെസ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സൌത്ത് ഏഷ്യയില്‍ നിന്നും ചലച്ചിത്ര താരങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേരും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍