ദമാം: പ്രമുഖ മാപ്പിള കവി ചാക്കീരി മൊയ്തീന് കുട്ടിയുടെ സ്മരണാര്‍ഥം ദമാം വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ മഹാ കവി ചാക്കീരി മൊയ്തീന് കുട്ടി സ്മാരക പുരസ്കാരത്തിനു പ്രശസ്ത കവിയും നോവലിസ്റും കഥാകൃത്തും വാഗ്മിയുമായ സുകുമാര്‍ കക്കാട് അര്‍ഹനായി.
ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം.
സങ്കരഭാഷയില്നിന്നു ശുദ്ധ മലയാളത്തിലേക്കുള്ള മാപ്പിളപാട്ട് ശാഖയുടെ പരിവര്‍ത്തനത്തിനു നാന്ദി കുറിച്ചത് അറബിഭാഷയിലും സംസ്കൃതത്തിലും പ്രാവീണ്യമാര്ന്ന ബഹുമുഖ പ്രതിഭയായ ചാക്കീരി മൊയ്തീന് കുട്ടിയായിരുന്നു. ചാക്കീരി ബദര്‍ എന്ന പേരില്‍ പ്രശസ്തിയാര്‍ജിച്ച ഗസ് വത്തുബദറുല് കുബ്ുറ എന്ന ബദര്‍കാവ്യം ചാക്കീരിയുടെ ലക്ഷണമൊത്തൊരു കാവ്യശില്‍പ്പമാണ്. തമിഴ്, അറബി പദങ്ങള്‍ക്കു പകരം സംസ്കൃതവും ശുദ്ധ മലയാള പദങ്ങളുമുപയോഗിച്ച് സാമ്പ്രദായിക ഇശലുകളുടെ പേരു പോലും മാറ്റിയാണു മാപ്പിള സാഹിത്യത്തിലെ തന്റെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചാക്കീരി തുടക്കം കുറിച്ചത്. ടി. ഉബൈദ്, ഒ ആബു, പുന്നയൂര്‍ കുളം ബാപ്പു, പ്രേം സൂറത്ത് തുടങ്ങിയവരെല്ലാം ഈ ശൈലിയുടെപിന്തുടര്ച്ചക്കാരായിരുന്നു.
കേരള സര്‍ക്കാര്‍ പ്രിയകവിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാനൊരുങ്ങുന്ന സന്ദര്‍ഭത്തിലാണു കവിയുടെ നാട്ടുകാരായ ദമാം വേങ്ങര കള്‍ചറല്‍ സെന്റര്‍ ഭാരവാഹികള്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ഥം വര്‍ഷം തോറും പുരസ്കാരമേര്പ്പെടുത്തുന്നതെന്നു മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
അബു ഇരിങ്ങാട്ടിരി ചെയര്‍മാനും നവാസ് പൂനൂര്, റഹ്മാന് കിടങ്ങയം, മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ കണ്െടത്തിയത്. കവിതയും നോവലുമുള്പ്പെടെ അന്‍പതില്‍ പരം കൃതികളുടെ കര്‍ത്താവാണ് മലപ്പുറം വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശിയായ സുകുമാര്‍ കക്കാട്. മാമന് മാപ്പിള നോവല്പുരസ്കാരമടക്കം നിരവധി സാഹിത്യ അഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. തഴമ്പ്, ജ്വാലാമുഖികള്‍, മരുപൂക്കള്, സ്നേഹഗോപുരം, നബിചരിതം കിളിപ്പാട്ട്, (കവിതകള്‍) സുഹ്റ (ഗാനകാവ്യം) അത്ഭുത ബാലന്മാര് (ബാലസാഹിത്യം) മരണച്ചുറ്റ്, വെളിച്ചത്തിന്റെ നൊമ്പരം, കണ്ണീരില്‍ കുതിര്‍ന്ന കസവ്തട്ടം, കലാപം കനല് വിതച്ച മണ്ണ്, അകലുന്ന മരുപ്പച്ചകള്‍, മനുഷ്യമരം, ഭ്രംശ താഴ്വര, കളിയാട്ടം, ഡയസ്നോണ്‍ (നോവലുകള്‍) ലൈല മഞ്ജു (നോവല്‍ പുനരാവിഷ്കാരം) എന്നിവയാണ് പ്രധാന കൃതികള്‍.
ദമാമില്‍ നടക്കുന്ന സ്നേഹ ജാലകം വേങ്ങര ഫെസ്റ് 2016 ല്‍ പ്രമുഖ എഴുത്തുകാരന് പി. സുരേന്ദ്രന് പുരസ്കാരം കൈമാറുമെന്നും സംഘാടക സമിതി അംഗങ്ങളായ ഹുസൈന് കക്കാടംപുറം, എന്‍.പി. ഹനീഫ, ഉമ്മര്‍ വളപ്പില്‍, ഇസ്മയില്‍ പുള്ളാട്ട്, കെ.സി. ഹംസ, എന്‍. സലാഹുദ്ദീന് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം