അധഃപതനത്തിനും അക്രമത്തിനും കാരണം ഇസ്ലാമിനോടുള്ള അവഗണന: കാന്തപുരം
Monday, December 21, 2015 8:35 AM IST
കുവൈത്ത്: ശാശ്വത സമാധാനത്തിന്റെ മതമായ ഇസ്ലാമിനെയും ജീവിതമാതൃകയ്ക്ക് അനുയോജ്യനായ പ്രവാചകനെയും അവഗണിച്ചതാണ് ആധുനികലോകത്ത് മനുഷ്യന്‍ അധഃപതിച്ചതിനും മുസ്ലിംകള്‍ക്കിടയിലും മുസ്ലിംകള്‍ക്കു നേരേയും ഉണ്ടാകുന്ന അക്രമങ്ങളും സ്പര്‍ധയും വര്‍ധിച്ചതിനും കാരണമെന്നുസുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.

ഐസിഎഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി, അബാസിയ പാക്കിസ്ഥാന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒരു പോലെ പരിഗണിച്ച ഇസ്ലാം അവശ വിഭാഗമായ സ്ത്രീകള്‍ക്ക് ഉന്നതമായ സ്ഥാനവും അംഗീകാരവും നല്‍കിയിട്ടുണ്ട്. സ്ത്രീ പുരുഷ  സമത്വം പറഞ്ഞ,് സ്ത്രീകളെ സമൂഹത്തിനു മുമ്പില്‍ വലിച്ചിറക്കി, തരംതാഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്ന പ്രവണതക്കെതിരേ എല്ലാ മുസ്ലിംകളും ശക്തമായി പ്രതികരിക്കണമെന്നും ഇത്തരം സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ കുതിര കയറുന്നവരെ അവഗണിക്കണമെന്നും കാന്തപുരം പറഞ്ഞു.

ഐസിഎഫ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. കാരന്തൂര്‍ മര്‍ക്കസ് ഡയറക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി ഐസിഎഫ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി വാട്സ്അപ്പ് ക്വിസിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഔസ് ശാഹീന്‍ ഹഫീദ് രിഫായിയും മദ്രസകളിലെ 7, 10 ക്ളാസുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനം ഇ. സുലൈമാന്‍ മുസ്ലിയാരും വിതരണം ചെയ്തു.

ഡോ. അഹ്മദ് മുഹമ്മദ് റമദാന്‍, ഔസ് ശാഹീന്‍ ഹഫീദ് രിഫാഇ, മന്‍സൂര്‍ അന്നാഹി അബൂഖാലിദ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും അബൂമുഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍