ചങ്ങാതിക്കൂട്ടം കുടുംബ കൂട്ടായ്മ
Monday, December 21, 2015 7:32 AM IST
റിയാദ്: തലസ്ഥാന നഗരിയില്‍ ചങ്ങാതിക്കൂട്ടം എന്ന പേരില്‍ പുതിയ കുടുംബ കൂട്ടായ്മ നിലവില്‍ വന്നു. ഷിഫയിലെ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഷിഫ മലയാളി സമാജത്തിന്റെ കീഴിലാണു ചങ്ങാതിക്കൂട്ടം പ്രവര്‍ത്തിക്കുന്നത്. പ്രവാസികുടുംബങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിനോദ വിജ്ഞാന പരിപാടികളാണു സംഘടനയുടെ ലക്ഷ്യമെന്ന് ഉദ്ഘാടനച്ചടങ്ങില്‍ എസ്എംഎസ് ഭാരവാഹികള്‍ പറഞ്ഞു.

മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഷീര്‍ പാങ്ങോട് ആമുഖ പ്രഭാഷണം നടത്തി. ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷനായ ചടങ്ങില്‍ വെച്ച് അല്‍ ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാനു തോമസ് സംഘടനയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഷക്കീല വഹാബ് മാതൃസ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ളാസെടുത്തു. നസറുദ്ദീന്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു. എന്‍ആര്‍കെ ഫോറത്തിന്റെ ചെന്നൈ ദുരിതാശ്വാസ ഫണ്ടിലേക്ക് ഷിഫ മലയാളി സമാജത്തിന്റെ സംഭാവന ഇല്യാസ് സാബു അഷ്റഫ് വടക്കേവിളക്ക് കൈമാറി.

സംഘടനയുടെ പ്രസിഡന്റായി ദീപാ രാജുവിനെയും സെക്രട്ടറിയായി റജുല മനാഫിനേയും തെരഞ്ഞെടുത്തു. ഷാനിഫ നൌഷാദാണ് ട്രഷറര്‍. അമ്പതോളം കുടുംബങ്ങള്‍ അംഗത്വമുള്ള സംഘടനയുടെ പ്രവര്‍ത്തനത്തിനായി പതനഞ്ചംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. റിയാദില്‍ കുടുംബമായി കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ഇതില്‍ അംഗത്വമെടുക്കാവുന്നതാണ്. അഷ്റഫ് വടക്കേവിള, ഉബൈദ് എടവണ്ണ, മുഹമ്മദ് നാസര്‍, ദീപ രാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഷിബു പത്തനാപുരം സ്വാഗതവും മനാഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍