എ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഷിക്കാഗോയില്‍ വമ്പിച്ച സ്വീകരണം
Monday, December 21, 2015 7:31 AM IST
ഷിക്കാഗോ: കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കും, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഷിക്കാഗോയിലെ ഐഎന്‍ഒസി നേതാക്കള്‍ ഊഷ്മള സ്വീകരണം നല്‍കി. ഐഎന്‍ഒസി ഷിക്കാഗോ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, ഐഎന്‍ഒസി മിഡ്വെസ്റ് പ്രസിഡന്റ് അഗസ്റിന്‍ കരിംകുറ്റിയില്‍, മുന്‍ പ്രസിഡന്റുമാരായ തോമസ് മാത്യ, സതീശന്‍ നായര്‍, ബോര്‍ഡ് മെമ്പര്‍മാരായ സുബാഷ് ജോര്‍ജ്, അച്ചന്‍കുഞ്ഞ് മാത്യു എന്നിവരും മറ്റു ഭാരവാഹികളും ചേര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണിയേയും ഭാര്യ എലിസബത്ത് ആന്റണി, മകന്‍ അനില്‍ ആന്റണി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ചികിത്സയ്ക്കായി റോച്ചസ്റര്‍, മിനിസോട്ടയിലുള്ള മയോ ക്ളിനിക്കില്‍ എത്തിയതാണ്. അദ്ദേഹത്തെയും ആഭ്യന്തര മന്ത്രിയെയും സ്വീകരിക്കാന്‍ സാധിച്ചതിലുള്ള അതിയായ സന്തോഷത്തിലാണു ഷിക്കാഗോയിലുള്ള കോണ്‍ഗ്രസുകാര്‍. അമേരിക്കയിലുള്ള മലയാളികളുടെ സ്നേഹാന്വേഷണങ്ങള്‍, അമേരിക്കന്‍ ഇക്കോണമി എന്നിവ ചോദിച്ചറിഞ്ഞ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും എല്ലാവിധ നന്മകളും, ക്രിസ്മസ്- പുതുവത്സരാശംസകളും നേര്‍ന്നു. മയോ ക്ളിനിക്കില്‍ എ.കെ. ആന്റണിയെ സ്വീകരിക്കാന്‍ പ്രഗല്ഭ ഡോക്ടര്‍മാരെ മുന്‍ എഎപിഐ പ്രസിഡന്റ് ഡോ. നരേന്ദ്രകുമാര്‍ ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നു ഇരു നേതാക്കളും പ്രത്യേകം പറയുകയുണ്ടായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം