ദയാ ബായിയെ ബസില്‍നിന്നു ഇറക്കിവിട്ട സംഭവം: ഐഎപിസി പ്രതിഷേധിച്ചു
Monday, December 21, 2015 7:29 AM IST
ന്യൂയോര്‍ക്ക്: പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും ഐഎപിസി സത്കര്‍മ പുരസ്ക്കാര ജേതാവുമായ ദയാ ബായിയെ ആലുവയില്‍ കെഎസ്ആര്‍ടിസി ബസില്‍നിന്ന്ു ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് പ്രതിഷേധിച്ചു. അന്താരാഷ്ട്രതലത്തില്‍തന്നെ പ്രശസ്തയായ ദയാബായിക്കുണ്ടായ മോശം അനുഭവത്തില്‍ പ്രവാസിസമൂഹത്തിന് അതിയായ ദുഃഖമുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്നു പ്രസ്ക്ളബ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ, പ്രസിഡന്റ് പ്രവീണ്‍ ചോപ്ര, ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുള്ള പ്രസ്ക്ളബിന്റെ പ്രതിഷേധം മുഖ്യമന്ത്രി, ഗതാഗതവകുപ്പ് മന്ത്രി എന്നിവരെ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞു.

19 നു വൈകുന്നേരം തൃശൂരില്‍നിന്ന് ആലുവയിലേക്കു യാത്രചെയ്യുന്നതിനിടെയാണു ദയാ ബായിക്ക് മോശം അനുഭവം നേരിട്ടത്. ഫാ. വടക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ തൃശൂരിലെത്തിയ ദയാബായി തിരിച്ചുവരുന്നതിനിടെയാണു സംഭവം. ആലുവ ബസ് സ്റാന്‍ഡ് എത്താറായോയെന്നു ചോദിച്ചതിനാണ് ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറിയത്. തുടര്‍ന്ന് കണ്ടക്ടര്‍ മോശം പദപ്രയോഗം നടത്തിയ ശേഷം വഴിയില്‍ ഇറക്കിവിട്ടു. ബസിലെ മറ്റു യാത്രക്കാര്‍ ദയാബായിയെ തിരിച്ചറിഞ്ഞ് അവരെ ബസ് സ്റാന്‍ഡില്‍ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ ചെവിക്കൊണ്ടില്ലെന്നും പറയുന്നു.