പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ബില്‍ ഫോമായുടെ ഇടപെടല്‍ ഫലംകണ്ടു
Saturday, December 19, 2015 4:31 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തു നടന്ന ഫോമായുടെ ഈ വര്‍ഷത്തെ കേരള കണവന്‍ഷനില്‍ വച്ചു ഫോമയും വേള്‍ഡ് മലയാളി കൌണ്‍സിലും പ്രവാസി ഇന്റര്‍നാഷണലും സംയുക്തമായി പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ നിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ആ നിവേദനം ഏറ്റുവാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തില്‍ അദ്ദേഹം പ്രവാസികളോടുള്ള തന്റെ സര്‍ക്കാരിന്റെ വ്യക്തമായ നിലപാട് അറിയിക്കുകയും ഈ വര്‍ഷം തന്നെ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പു കേവലം ഒരു ജലരേഖയായി മാറാതെ, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാക്ക് പാലിച്ചു. ഇതോടെ ദശാബ്ദങ്ങളായുള്ള പ്രവാസികളുടെ മുറവിളികള്‍ക്ക് അല്പം ശമനമായി എന്നു കരുതാം.

ഫോമായ്ക്കു വേണ്ടി ഫ്ളോറിഡയില്‍ നിന്നുള്ള സേവി മാത്യു ആണു മുഖ്യമന്ത്രിക്ക് നിവേദനം നല്കിയത്. പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ നിയമമാകുന്നതിലൂടെ ഫോമായുടെ പ്രവര്‍ത്തന വിജയത്തിന്റ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി എന്ന് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു. കൂട്ടായ പരിശ്രമങ്ങളില്‍ കൂടി പ്രവാസികള്‍ക്ക് അവരുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനാവും എന്നു ഒരിക്കല്‍ കൂടി തെളിയിച്ചു കഴിഞ്ഞതായി ഫോമാ ജനറല്‍ സെക്രട്ടറി ഷാജി ഏഡ്വേര്‍ഡും, ട്രഷറര്‍ ജോയി ആന്റണിയും പറഞ്ഞു. പ്രവാസി പ്രോപ്പര്‍ട്ടി ബില്‍ സാക്ഷാല്‍കരിക്കുവാന്‍ മുന്നിട്ടിറങ്ങിയ ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന എല്ലാ മലയാളി സംഘടനകള്‍ക്കും ഫോമ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്