ഇസ്ലാമിക് സഖ്യത്തെ ഒമാന്‍ സ്വാഗതം ചെയ്തു
Friday, December 18, 2015 10:09 AM IST
മസ്കറ്റ്: ഭീകരതക്കെതിരെ സൌദിഅറേബ്യയുടെ നേതൃത്വത്തില്‍ 34 രാജ്യങ്ങളെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത ഇസ്ലാമിക് സഖ്യത്തെ ഒമാന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

ഭീകരത തടയാന്‍ സൌദി രാജകുമാരന്റെ പ്രയത്നത്തില്‍ രൂപം കൊടുത്ത സഖ്യത്തില്‍ ഒമാന്‍ അംഗമല്ലെങ്കിലും സഖ്യത്തിനു പൂര്‍ണ പിന്തുണയും ഭാവുകങ്ങളും നേരുന്നതായി ഒമാന്‍ സ്റേറ്റ് കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഖാലിദ് ബിന്‍ സാലിം അല്‍സായ്യിദി പറഞ്ഞു. ഒമാന്‍ എന്നും സമാധാനത്തിനു പിന്തുണ നല്‍കുകയും അക്രമത്തിന് എതിരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൌദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ പുറത്തുവിട്ട പുതിയ സഖ്യത്തില്‍ ജോര്‍ദാന്‍, യുഎഇ, പാക്കിസ്ഥാന്‍ തുടങ്ങി നൈഗര്‍, നൈജീരിയ, യെമന്‍ ഉള്‍പ്പെടെ 34 രാജ്യങ്ങളാണ് ഉള്ളത്. സഖ്യത്തിനു ഭീകരത നേരിടാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും സാധിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം