റിസ ഹെല്‍ത്ത് ക്ളബ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍
Friday, December 18, 2015 8:55 AM IST
റിയാദ്: സുബൈര്‍ കുഞ്ഞു ഫൌണ്േടഷന്‍ നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി റിസയുടെ സ്കൂളുകളില്‍ ആരംഭിക്കുന്ന ഹെല്‍ത്ത്ക്ളബുകളുടെ സൌദിതല ഉദ്ഘാടനവും അധ്യാപകര്‍ക്കായുള്ള പ്രഥമ പരിശീലന പരിപാടിയും റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ബോയിസ് സ്കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൌക്കത്ത് പര്‍വേസ് നിര്‍വഹിച്ചു.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിസയുടെ പ്രോഗ്രാം കണ്‍സള്‍ട്ടന്റും നേത്രരോഗവിദഗ്ധനുമായ ഡോ. എ.വി. ഭരതന്‍ മദ്യപാനത്തിന്റെയും പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. തമ്പി വേലപ്പന്‍ പുകവലിയുടെ വിവിധ ദൂഷ്യങ്ങളെക്കുറിച്ചും പ്രശസ്ത ത്വക്ക്രോഗ വിദഗ്ധന്‍ ഡോ. ജോഷി ജോസഫ് ലഹരിയുടെ സാമൂഹിക, സാമ്പത്തിക ദൂഷ്യങ്ങളെക്കുറിച്ചും സുബൈര്‍കുഞ്ഞു ഫൌണ്േടഷന്‍ മാനേജിംഗ് ട്രസ്റിയും റിസ കണ്‍വീനറുമായ ഡോ. എസ് അബ്ദുല്‍ അസീസ്  ലഹരിക്കടിമപ്പെടുന്നവര്‍ക്കുള്ള വിവിധ ചികില്‍സാ-പ്രതിരോധ നടപടികളെകുറിച്ചും ക്ളാസെടുത്തു.

റിയാദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യോളജിസ്റ് ഡോ. രാജു വര്‍ഗീസ് ചെയര്‍മാനായി ഇന്ററാക്ടീവ് സെഷനും സംഘടിപ്പിച്ചു. നോര്‍ക്ക റൂട്ട്സ് സൌദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് ഐഐഎസ്ആര്‍-റിസാ ഹെല്‍ത്ത്ക്ളബിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍ മുഖ്യ സംഘാടകയായ സ്കൂള്‍ അക്കാഡമിക് വിഭാഗം പരിപാടിക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. ആദ്യ സെഷനില്‍ തെരഞ്ഞെടുക്കപ്പെട്ട 20 അധ്യാപകര്‍ക്കാണു പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ച അധ്യാപകര്‍ എട്ട്, ഒമ്പത്, പത്ത് ഗ്രേഡുകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ക്ളാസെടുക്കും. ഫെബ്രുവരി രണ്ടാംവാരത്തില്‍ ഈ കുട്ടികള്‍ക്കായി റിസയുടെ ഏകദിന പരിശീലനവും സംഘടിപ്പിക്കും. പരിശീലനം നേടിയ അധ്യാപകരും കുട്ടികളും ഉല്‍പ്പെട്ട റിസാ ഹെല്‍ത്ത് ക്ളബുകള്‍ പ്രതിമാസയോഗങ്ങള്‍ നടത്തും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തുക, കുട്ടികളുടെയും കൌമാരക്കാരുടെയും മാനസിക, ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍, വ്യായാമം, ഭക്ഷണരീതി, സമകാലീന ആരോഗ്യവിഷയങ്ങള്‍, ശസ്ത്രം, പരിസ്ഥിതി ഗവേഷണം തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിമാസ പരിപാടികളില്‍ ഉള്‍പ്പെടുത്തും. ആറു മാസം കൂടുമ്പോള്‍ റിസാ ടീമിന്റെ നേതൃത്വത്തില്‍ തുടര്‍ പരിശീലനവും ഉണ്ടാകും.

റിസയുടെ റിയാദ് സെട്രല്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്കുട്ടി, സോണി കുട്ടനാട്, സനൂപ് പയ്യന്നൂര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍