ഫീനിക്സില്‍ കാരുണ്യവര്‍ഷത്തിനു തിരിതെളിഞ്ഞു
Friday, December 18, 2015 7:19 AM IST
ഫീനിക്സ്: ഫീനിക്സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ വിശ്വാസവര്‍ഷാചരണത്തിനു ആരംഭംകുറിച്ചുകൊണ്ടു നടന്ന വിവിധ പരിപാടികള്‍ ഭക്തിനിര്‍ഭരമായി. വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ വിശ്വാസദീപം തെളിയിച്ചുകൊണ്ടാണു പരിപാടികള്‍ക്കു തുടക്കമിട്ടത്. ഈശോയുടെ കാരുണ്യത്തിന്റെ ചിത്രവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി. കരുണാവര്‍ഷാചരണത്തിന്റെ ഭാഗമായി ആഗോള സഭയില്‍ അനുഷ്ഠിക്കപ്പെടുന്ന ഭക്തകര്‍മങ്ങള്‍ക്കൊപ്പം ഇടവകയില്‍ പ്രത്യേകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ ആത്മീയ പ്രവര്‍ത്തനങ്ങളും ദിവ്യബലി മധ്യേ ഇടവക വികാരി പ്രഖ്യാപിച്ചു.

കരുണവര്‍ഷാചരണത്തിലെ ഓരോ ദിവസവും ഇടവകയിലെ ഒരു കുടുംബത്തിനു പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ഭക്തികര്‍മങ്ങള്‍ക്കുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അന്നേദിവസം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കുടുംബത്തിനുവേണ്ടി ദിവ്യബലി, ദിവ്യകാരുണ്യാരാധന, പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയുണ്ടായിരിക്കും. ഭക്താനുഷ്ഠാനങ്ങള്‍ക്ക് ഇടവക വികാരി കാര്‍മികത്വം വഹിക്കും. ഇടവകയിലെ വിശ്വാസവര്‍ഷാചാരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിനും അനുഗ്രഹങ്ങള്‍ തേടുവാനും ഇടവകാംഗങ്ങള്‍ എല്ലാവരും ആത്മീയമായി ഒരുങ്ങണമെന്ന് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ അഭ്യര്‍ഥിച്ചു. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം