ധര്‍മേന്ദ്ര ഭാര്‍ഗവയ്ക്കു യാത്രയയപ്പു നല്‍കി
Thursday, December 17, 2015 7:31 AM IST
റിയാദ്: നാലര വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ ധര്‍മേന്ദ്ര ഭാര്‍ഗവ ഡല്‍ഹിയിലേക്കു മടങ്ങി. സൌദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിനു തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് നിസ്വാര്‍ഥ സേവനം നല്‍കിയ ധര്‍മേന്ദ്ര ഭാര്‍ഗവ നിതാഖാത്തിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതായിരുന്നുവെന്ന് പ്രവാസി റിഹാബിലിറ്റേഷന്‍ സെന്റര്‍ (പിആര്‍സി) നല്‍കിയ യാത്രയയപ്പ് വേളയില്‍ നോര്‍ക്ക സൌദി പ്രതിനിധി ഷിഹാബ് കൊട്ടുകാട് അനുസ്മരിച്ചു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ച അദ്ദേഹം ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും ഇനി പ്രവര്‍ത്തിക്കുക.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലും കേന്ദ്ര മന്ത്രിമാരുടെ സന്ദര്‍ശന സമയത്തും ധര്‍മേന്ദ്ര ഭാര്‍ഗവ ഏറെ കര്‍മനിരതനായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതില്‍ അംബാസഡറും ഡിസിഎമ്മും മറ്റ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആത്മാര്‍ഥമായ പരിശ്രമങ്ങളാണ് ധര്‍മേന്ദ്ര ഭാര്‍ഗവ നടത്തിയത്. മൂന്നു വര്‍ഷത്തെ തന്റെ ഔദ്യോഗിക കാലാവധിക്കുശേഷം 18 മാസം കൂടെ അദ്ദേഹം റിയാദില്‍ സേവനം നടത്തിയ ശേഷമാണു പിരിഞ്ഞത്.

റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയ യാത്രയയപ്പില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍മാരായ ബക്ഷി, യാസീന്‍ എന്നിവരും എയര്‍ ഇന്ത്യാ എയര്‍പോര്‍ട്ട് മാനേജര്‍ ദിനേഷ് മെഹ്താനി, എയര്‍ ഇന്ത്യാ സൂപ്പര്‍വൈസര്‍ സിറാജ്, അഫ്സല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഷീല്‍ ബന്ദ്രയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പുതുതായി ചാര്‍ജെടുത്തത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍