മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ കുടുംബവര്‍ഷാചരണ സമാപനം നടത്തി
Thursday, December 17, 2015 7:10 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ കുടുംബ വര്‍ഷാചരണത്തിന്റെ സമാപനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. ഒരുവര്‍ഷക്കാലം നീണ്ടുനിന്ന വിവിധ പരിപാടികള്‍ക്കുമാണു ഡിസംബര്‍ 13നു സമാപനംകുറിച്ചത്.

രാവിലെ പത്തിനു നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. പോള്‍ ചാലിശേരി, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. ജോസ് പള്ളിത്താഴത്ത് എന്നിവര്‍ കാര്‍മികരായിരുന്നു. ദിവ്യബലിക്കുശേഷം കുടുംബ വര്‍ഷത്തില്‍ വിവാഹിതരായവരേയും കുഞ്ഞുങ്ങള്‍ ഉണ്ടായവരെയും, വിവാഹവാര്‍ഷികം ആഘോഷിക്കുന്നവരെയും, പുതുതലമുറയിലെ നാലില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കളേയും സന്യസ്തരയുടെ മാതാപിതാക്കളേയും ആദരിച്ചു.

മയാമി സെന്റ് ജൂഡ് ദേവാലയത്തിലേക്കു സ്ഥലംമാറിപ്പോകുന്ന സെന്റ് മേരീസിലെ അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് തദവസരത്തില്‍ യാത്രയയപ്പ് നല്‍കി. ഇടവകയെ പ്രതിനിധീകരിച്ച് ട്രസ്റി കോ-ഓര്‍ഡിനേറ്റര്‍ റ്റിറ്റോ കണ്ടാരപ്പള്ളി പ്രസംഗിച്ചു. തുടര്‍ന്ന് കേരളത്തിലെ ഭവനരഹിതരായ ഏതാനും പേര്‍ക്ക് ഭവനം നിര്‍മ്മിക്കുന്നതിനായി ഫണ്ടുശേഖരണം നടത്തപ്പെട്ടു.

പാരീഷ് ഹാളില്‍ നടത്തപ്പെട്ട കുടുംബവര്‍ഷാചരണ സമാപന സമ്മേളനത്തില്‍ വികാരി ഫാ. തോമസ് മുളവനാല്‍ സ്വാഗതം ആശംസിച്ചു. സഭയുടെ അടിസ്ഥാന ഘടകമായ കുടുംബത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഫാ. പോള്‍ ചാലിശേരി, ജെന്‍സണ്‍ കൊല്ലാപറമ്പില്‍ എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഏവരുടേയും പ്രശംസ പടിച്ചുപറ്റി. ചടങ്ങുകള്‍ക്കു മോടികൂട്ടുവാന്‍ മനോഹരമായ കലാപരിപാടികള്‍ തദവസരത്തില്‍ നടത്തപ്പെട്ടു. ഒരുവര്‍ഷക്കാലം നീണ്ടുനിന്ന കുടുംബവര്‍ഷാചരണ പരിപാടികള്‍ വിജയപ്രദമാക്കുവാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും കോര്‍ഡിനേറ്റര്‍ ജോണി തെക്കേപറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് ഇടവകയുടെ കരോള്‍ ഗാനാലാപനവും സ്നേഹവിരുന്നും നടത്തപ്പെട്ടു. ഇടവക സെക്രട്ടറി സാബു മഠത്തില്‍പ്പറമ്പില്‍ പരിപാടിയുടെ മാസ്റര്‍ ഓഫ് സെറിമണിയായിരുന്നു. ക്രമീകരണങ്ങള്‍ക്ക് പാരീഷ് എക്സിക്യൂട്ടീവ്, ഫാമിലി ഇയര്‍ കമ്മിറ്റി അംഗങ്ങള്‍, സിസ്റ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍